ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തു. 

മാഞ്ചസ്റ്റര്‍: നായകന്‍ ഫാഫ് ഡുപ്ലസിയുടെ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തു. ഡുപ്ലസിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഡസന്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ പുറത്തായി. ഓസ്‌ട്രേലിയക്കായി സ്റ്റാര്‍ക്കും ലിയോണും രണ്ട് വിക്കറ്റ് വീതവും കമ്മിന്‍സും ബെഹ്‌റെന്‍ഡോര്‍ഫും ഓരോ വിക്കറ്റും വീഴ്‌ത്തി. 

ഓപ്പണര്‍മാരായ എയ്‌ഡന്‍ മര്‍ക്രാമും ക്വിന്‍റണ്‍ ഡികോക്കും മികച്ച തുടക്കമാണ് പ്രോട്ടീസിന് നല്‍കിയത്. ആദ്യ ഓവറില്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇരുവരും 14 റണ്‍സടിച്ചു. അടി തുടര്‍ന്നതോടെ ദക്ഷിണാഫ്രിക്ക 10 ഓവറില്‍ 73 റണ്‍സിലെത്തി. എന്നാല്‍ 12-ാം ഓവറില്‍ മര്‍ക്രാമിനെ(34 റണ്‍സ്) പുറത്താക്കി ലിയോന്‍ ഓസ്ട്രേലിയക്ക് ബ്രേക്ക് ത്രൂ നല്‍കി. 18-ാം ഓവറില്‍ അര്‍ദ്ധ സെഞ്ചിറി പിന്നിട്ട ഡികോക്കിനെയും(52 റണ്‍സ്) ലിയോണ്‍ തന്നെ മടക്കി. 

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഫാഫും ഡസനും നീളന്‍ ഇന്നിംഗ്‌സ് കളിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 151 റണ്‍സ്. 93 പന്തില്‍ സെഞ്ചുറി തികച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ ഫാഫിനെ 43-ാം ഓവറില്‍ ബെഹറെന്‍ഡോര്‍ഫ് മടക്കി. ഈ ലോകകപ്പില്‍ ഫാഫിന്‍റെ ആദ്യ സെഞ്ചുറി(100 റണ്‍സ്). ദക്ഷിണാഫ്രിക്ക 48-ാം ഓവറില്‍ 300 പിന്നിട്ടു. പതുക്കെ തുടങ്ങിയ ഡസന്‍ അവസാന പന്തില്‍ സെഞ്ചുറിയിലെത്തുമെന്ന് തോന്നിച്ചെങ്കിലും ബൗണ്ടറിയില്‍ മാക്‌സ്‌വെല്ലിന്‍റെ ക്യാച്ചില്‍ പുറത്തായി. ഫെഹ്‌ലൂക്വായോ(4) പുറത്താകാതെ നിന്നു.