സതാംപ്ടണ്‍: ലോകകപ്പില്‍ അപ്രതീക്ഷിതമായി ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ പിടിച്ചുകെട്ടിയ അഫ്ഗാന്‍ അട്ടിമറി സ്വപ്നം കാണുന്നു. 225 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ആദ്യ ഓവറുകളില്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശുന്നത്.

ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും റണ്‍സ് വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും അഫ്ഗാന്‍ വിക്കറ്റുകള്‍ വലിച്ചറിയാതെ കാക്കുകയാണ്. ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്ന ഷമി കൂടുതല്‍ അപകടകാരിയായപ്പോള്‍ 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ്  എന്ന നിലയിലാണ് അഫ്ഗാന്‍.

ഓപ്പണര്‍ ഹസ്രത്തുളാഹ് സസായിയുടെ വിക്കറ്റാണ് ഷമി എറിഞ്ഞിട്ടത്. നായകന്‍ ഗുല്‍ബാദിന്‍ നെയ്ബിനൊപ്പം റഹ്മത്ത് ഷാ ആണ് ഇപ്പോള്‍ ക്രീസില്‍. നേരത്തെ, വിജയക്കുതിപ്പ് തുടരാനെത്തിയ ഇന്ത്യക്ക് മുന്നില്‍ ആരും പ്രവചിക്കാത്ത പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്.  

ലോകകപ്പിലെ വിജയക്കുതിപ്പ് തുടരാനെത്തിയ നീലപ്പടയെ വരിഞ്ഞ് മുറുക്കിയ അഫ്ഗാനിസ്ഥാന്‍ മികച്ച ബൗളിംഗ് പ്രകടനത്തോടെ അട്ടിമറി സാധ്യതകളാണ് തുറന്നെടുത്തിരിക്കുന്നത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓര്‍ക്കാന്‍ നായകന്‍ കോലിയുടെയും കേദാര്‍ ജാദവിന്‍റെയും അര്‍ധ സെഞ്ചുറികള്‍ മാത്രം ബാക്കിയായപ്പോള്‍ നിശ്ചിത ഓവറില്‍ നേടാനായത് 224 റണ്‍സ് മാത്രമാണ്.