സതാംപ്ടണ്‍: ലോകകപ്പില്‍ അപ്രതീക്ഷിതമായി ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ പിടിച്ചുകെട്ടി അട്ടിമറി സ്വപ്നം കണ്ട അഫ്ഗാന് തിരിച്ചടി. വളരെ ശ്രദ്ധയോടെ ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന്‍റെ രണ്ട് വിക്കറ്റുകള്‍ ഒരേ ഓവറില്‍ വീഴ്ത്തി ജസ്പ്രീത് ബുമ്രയാണ് അഫ്ഗാന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത്.

225 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ആദ്യ ഓവറുകളില്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും റണ്‍സ് വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും അഫ്ഗാന്‍ വിക്കറ്റുകള്‍ വലിച്ചറിയാതെ കാത്തു.

ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്ന ഷമി കൂടുതല്‍ അപകടകാരിയായപ്പോള്‍ ആറാമത്തെ ഓവറില്‍ ഓപ്പണര്‍ ഹസ്രത്തുള്ള സസായ് വീണു. പിന്നീട് നായകന്‍ ഗുല്‍ബാദിന്‍ നെയ്ബും റഹ്മത് ഷായും പിടിച്ച് നിന്നതോടെ കളി അഫ്ഗാന് അനുകൂലമായി നീങ്ങുമെന്ന തോന്നലുണ്ടായി.

പക്ഷേ, നെയ്ബിനെ വിജയ് ശങ്കറിന്‍റെ കെെകളില്‍ എത്തിച്ചു ഹാര്‍ദിക് പാണ്ഡ്യ ബ്രേക്ക് ത്രൂ നല്‍കിയതോടെ മത്സരം ആവേശകരമായി. അധികം വെെകാതെ ഒരോവറില്‍ തന്നെ റഹ്മത ഷായെയും ഹഷ്മത്തുള്ള ഷഹീദിയെയും കൂടാരത്തിലെത്തിച്ചു ബുമ്ര മാജിക് ആവര്‍ത്തിച്ചു.

ഇതോടെ അട്ടിമറി സ്വപ്നം അഫ്ഗാനില്‍ നിന്ന് പതിയെ അകലുകയാണ്. കളി പുരോഗമിക്കുമ്പോള്‍ 32 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. അസ്ഗാര്‍ അഫ്ഗാനൊപ്പം മുഹമ്മദ് നബിയാണ് ഇപ്പോള്‍ ക്രീസില്‍. നേരത്തെ, വിജയക്കുതിപ്പ് തുടരാനെത്തിയ ഇന്ത്യക്ക് മുന്നില്‍ ആരും പ്രവചിക്കാത്ത പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്.  

ലോകകപ്പിലെ വിജയക്കുതിപ്പ് തുടരാനെത്തിയ നീലപ്പടയെ വരിഞ്ഞ് മുറുക്കിയ അഫ്ഗാനിസ്ഥാന്‍ മികച്ച ബൗളിംഗ് പ്രകടനത്തോടെ അട്ടിമറി സാധ്യതകളാണ് തുറന്നെടുത്തത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓര്‍ക്കാന്‍ നായകന്‍ കോലിയുടെയും കേദാര്‍ ജാദവിന്‍റെയും അര്‍ധ സെഞ്ചുറികള്‍ മാത്രം ബാക്കിയായപ്പോള്‍ നിശ്ചിത ഓവറില്‍ നേടാനായത് 224 റണ്‍സ് മാത്രമാണ്.