മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരെ വിജയപ്രതീക്ഷയുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് കനത്ത് ആഘാതമേല്‍പ്പിച്ച് മുഹമ്മദ് ഷമി. 269 റണ്‍സ്  വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡ‍ീസിന്‍റെ രണ്ട് വിക്കറ്റുകള്‍ ആദ്യ പത്തോവര്‍ പിന്നിടും മുമ്പ് എറിഞ്ഞിട്ടാണ് ഷമി നയം വ്യക്തമാക്കിയത്.

വിന്‍ഡീസിന്‍റെ സ്റ്റാര്‍ ഓപ്പണര്‍ ക്രിസ് ഗെയ്‍ലിനെ കേദാര്‍ ജാദവിന്‍റെ കെെകളില്‍ എത്തിച്ചാണ് ഷമി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 19 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു ഗെയ്‍ലിന്‍റെ അക്കൗണ്ടില്‍. തന്‍റെ തൊട്ടടുത്ത ഓവറില്‍ ഷെയ് ഹോപ്പിനെയും മടക്കി ഷമി ഇരട്ടപ്രഹരം ഏല്‍പ്പിച്ചു.

കളി പുരോഗമിക്കുമ്പോള്‍ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലാണ് കരീബിയന്‍ സംഘം. സുനില്‍ ആംബ്രിസിനൊപ്പം നിക്കോളാസ് പൂരന്‍ ആണ് ക്രീസില്‍. നേരത്തെ, വിരാട് കോലി, എം എസ് ധോണി എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.

ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കോലി ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു. ഒരറ്റത്ത് ആക്രമണത്തിന് മുതിരാതെ വിക്കറ്റ് സൂക്ഷിച്ച ധോണി കോലിക്ക് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍, വിന്‍ഡീസ് നായകന്‍ ഹോള്‍ഡറുടെ പന്തിലെ ബൗണ്‍സ് കൃത്യമായി കണക്കാക്കുന്നതില്‍ പിഴച്ച കോലി 72 റണ്‍സുമായി മടങ്ങി.

ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കെമര്‍ റോച്ചാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.