സതാംപ്ടണ്‍: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ അഫ്‍ഗാനിസ്ഥാന് എതിരെ ഇന്ത്യക്ക് ജയം. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ കൃത്യതയ്ക്ക് മുന്നിലാണ് അഫ്‍ഗാന്‍ വീര്യം കീഴടങ്ങിയത്.

മുഹമ്മദ് നബിയുടെ അര്‍ധ ശതകത്തിന്‍റെ കരുത്തില്‍ പോരാട്ടവീര്യം പ്രകടിപ്പിച്ച അഫ്ഗാന്‍ 11 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല് , അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടി ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയപ്പോള്‍ ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. 

സ്കോര്‍ ഇന്ത്യ: നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 224
അഫ്ഗാന്‍: 49.5 ഓവറില്‍ 213 റണ്‍സിന് പുറത്ത്

മികച്ച ബൗളിംഗിന് ശേഷം 225 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ആദ്യ ഓവറുകളില്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും റണ്‍സ് വഴങ്ങാതെ പിടിച്ചു നിന്നെങ്കിലും അഫ്ഗാന്‍ വിക്കറ്റുകള്‍ വലിച്ചറിയാതെ കാത്തു.

ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്ന ഷമി കൂടുതല്‍ അപകടകാരിയായപ്പോള്‍ ആറാമത്തെ ഓവറില്‍ ഓപ്പണര്‍ ഹസ്രത്തുള്ള സസായ് വീണു. പിന്നീട് നായകന്‍ ഗുല്‍ബാദിന്‍ നെയ്ബും റഹ്മത് ഷായും പിടിച്ച് നിന്നതോടെ കളി അഫ്ഗാന് അനുകൂലമായി നീങ്ങുമെന്ന തോന്നലുണ്ടായി.

പക്ഷേ, നെയ്ബിനെ വിജയ് ശങ്കറിന്‍റെ കെെകളില്‍ എത്തിച്ചു ഹാര്‍ദിക് പാണ്ഡ്യ ബ്രേക്ക് ത്രൂ നല്‍കിയതോടെ മത്സരം ആവേശകരമായി. അധികം വെെകാതെ ഒരോവറില്‍ തന്നെ റഹ്‍മത് ഷായെയും ഹഷ്മത്തുള്ള ഷഹീദിയെയും കൂടാരത്തിലെത്തിച്ചു ബുമ്ര മാജിക് ആവര്‍ത്തിച്ചു. ഇതോടെ അട്ടിമറി സ്വപ്നം അഫ്ഗാനില്‍ നിന്ന് പതിയെ അകന്നു.

എങ്കിലും ഒരറ്റത്ത് മുഹമ്മദ് നബി പിടിച്ച് നിന്നതോടെ അഫ്ഗാന്‍ പ്രതീക്ഷകള്‍ കെെവിട്ടില്ല. പക്ഷേ അസ്ഗാര്‍ അഫ്ഗാനും സദ്രാനും പ്രതിരോധം കൂടാതെ കീഴടങ്ങിയതോടെ ഇന്ത്യ പിടിമുറുക്കി. റാഷിദ് ഖാനെ ധോണി മിന്നല്‍ സ്റ്റംമ്പിങ്ങിലൂടെ പറഞ്ഞയച്ചതോടെ അവസാന ഓവറുകളിലെ സമര്‍ദങ്ങളിലേക്ക് കളി നീങ്ങി.

എന്നാല്‍, ജസ്പ്രീത് ബുമ്രയും ഷമിയും മികവ് പ്രകടിപ്പിച്ചതോടെ അവസാന ഓവറില്‍ അഫ്ഗാന് വിജയിക്കാന്‍ 16 റണ്‍സ് എന്ന നിലയിലായി. ഷമി എറിഞ്ഞ ഓവറിന്‍റെ ആദ്യ പന്ത് തന്നെ ഫോര്‍ നേടി നബി അര്‍ധ ശതകം കുറിച്ചു. എന്നാല്‍, മൂന്നാം പന്തില്‍ നബി വീണതോടെ അഫ്ഗാന്‍റെ കഥയും കഴിഞ്ഞു. തൊട്ടടുത്ത പന്തുകളില്‍ അഫ്ദാബ് ആലമിനെയും മുജീബിനെയും ക്ലീന്‍ ബൗള്‍ഡ് ചെയ്ത് 2019 ലോകകപ്പ് അരങ്ങേറ്റം ഷമി അവിസ്മരണീയമാക്കി.

മുഹമ്മദ് നബി 55 പന്തില്‍ 52 റണ്‍സ് നേടി. നേരത്തെ, വിജയക്കുതിപ്പ് തുടരാനെത്തിയ ഇന്ത്യക്ക് മുന്നില്‍ ആരും പ്രവചിക്കാത്ത പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്.  ലോകകപ്പിലെ വിജയക്കുതിപ്പ് തുടരാനെത്തിയ നീലപ്പടയെ വരിഞ്ഞ് മുറുക്കിയ അഫ്ഗാനിസ്ഥാന്‍ മികച്ച ബൗളിംഗ് പ്രകടനത്തോടെ അട്ടിമറി സാധ്യതകളാണ് തുറന്നെടുത്തത്.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓര്‍ക്കാന്‍ നായകന്‍ കോലിയുടെയും കേദാര്‍ ജാദവിന്‍റെയും അര്‍ധ സെഞ്ചുറികള്‍ മാത്രം ബാക്കിയായപ്പോള്‍ നിശ്ചിത ഓവറില്‍ നേടാനായത് 224 റണ്‍സ് മാത്രമാണ്. ലോകകപ്പില്‍ മിന്നുന്ന ഫോമിലുള്ള രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തി കോലിപ്പടയെ ഞെട്ടിച്ചാണ് അഫ്ഗാന്‍ തുടങ്ങിയത്.

ഇന്ത്യയെ മികച്ച ബൗളിംഗിലൂടെ ആദ്യ ഓവറുകളില്‍ പിടിച്ചുകെട്ടാന്‍ അഫ്ഗാന് സാധിച്ചു. ഇന്ത്യക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉര്‍ റഹ്‍മാനാണ് രോഹിത്തിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്. പിന്നീട് 63 പന്തില്‍ 67 റണ്‍സെടുത്ത വിരാട് കോലിയും 68 പന്തില്‍ 52 റണ്‍സെടുത്ത കേദാര്‍ ജാദവുമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ധോണി (28), രാഹുല്‍ (30), വിജയ് ശങ്കര്‍ (29), ഹാര്‍ദിക് പാണ്ഡ്യ (7) എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാരുടെ പ്രകടനങ്ങള്‍. അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നെയ്ബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബാക്കി എറിഞ്ഞവര്‍ക്കെല്ലാം ഓരോ ഇരകളെ ലഭിച്ചു. അഫ്ഗാന്‍റെ സ്പിന്‍ കെണിയിലാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ വഴുതി വീണത്. നാലംഗ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ അഞ്ച് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.