Asianet News MalayalamAsianet News Malayalam

വീണ്ടും ഹിറ്റ്മാന്‍ ക്ലാസ്; ബംഗ്ലാദേശിനെതിരെ മികച്ച സ്കോര്‍ നേടി ടീം ഇന്ത്യ

ഹിറ്റ്മാന്‍ ആടിത്തിമിര്‍ത്തപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് അതിവേഗം റണ്‍സ് ഒഴുകി. 90 പന്തില്‍ രോഹിത് സെഞ്ചുറി നേട്ടം സ്വന്തമാക്കി. ഇതിന് പിന്നാലെ വമ്പനടികള്‍ തുടരുന്നതിനിടെയാണ് സൗമ്യ സര്‍ക്കാരിന്‍റെ പന്തില്‍ രോഹിത് വീഴുന്നത്

india vs bangladesh indian innings report
Author
Birmingham, First Published Jul 2, 2019, 6:55 PM IST

ബര്‍മിംഗ്ഹാം: ലോകകപ്പില്‍ അസാമാന്യ പ്രകടനം തുടര്‍ന്ന രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ ബംഗ്ലാദേശ് മുന്നില്‍ മികച്ച സ്കോര്‍ സ്വന്തമാക്കി ഇന്ത്യ. രോഹിത് ശര്‍മ നേടിയ ശതകത്തിന്‍റെയും കെ എല്‍ രാഹുലിന്‍റെ അര്‍ധ സെഞ്ചുറിയുടെയും ഋഷഭ് പന്തിന്‍റെ വെടിക്കെട്ടിന്‍റെയും ബലത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് ഇന്ത്യ കുറിച്ചത്. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുര്‍ റഹ്മമാന്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി അതിഗംഭീര തുടക്കമാണ് രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ സഖ്യം നല്‍കിയത്. ബംഗ്ല നായകന്‍ മൊര്‍ത്താസയെ ആദ്യ ഓവറില്‍ തന്നെ സിക്സറിന് പറത്തിയാണ് ഹിറ്റ്മാന്‍ രോഹിത് തുടങ്ങിയത്. മുസ്താഫിസുറിന്‍റെ പന്തില്‍ രോഹിത് നല്‍കിയ അവസരം തമീം ഇക്ബാല്‍ നിലത്തിട്ടതോടെ ഇന്ത്യക്ക് ആശ്വാസമായി.

കെ എല്‍ രാഹുലിന് അധികം സമ്മര്‍ദ്ദം കൊടുക്കാതെ ആക്രമണം സ്വയം ഏറ്റെടുത്ത് ഹിറ്റ്മാന്‍ കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് എത്തി. സമ്മര്‍ദം ഒഴിഞ്ഞതോടെ രാഹുലും ബൗണ്ടറികള്‍ കണ്ടെത്തി തുടങ്ങി. 14-ാം ഓവറില്‍ രോഹിത് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അധികം വെെകാതെ ടീം സ്കോറും 100ഉം കടന്നു.

india vs bangladesh indian innings report

പിന്നീട് അങ്ങോട്ട് ഹിറ്റ്മാന്‍ ആടിത്തിമിര്‍ത്തപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് അതിവേഗം റണ്‍സ് ഒഴുകി. 90 പന്തില്‍ രോഹിത് സെഞ്ചുറി നേട്ടം സ്വന്തമാക്കി. ഇതിന് പിന്നാലെ വമ്പനടികള്‍ തുടരുന്നതിനിടെയാണ് സൗമ്യ സര്‍ക്കാരിന്‍റെ പന്തില്‍ രോഹിത് വീഴുന്നത്. 92 പന്തില്‍ 104 രണ്‍സ് രോഹിത് കൂട്ടിച്ചേര്‍ത്തു. അതിനുള്ളില്‍ 180 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ട് രാഹുലുമായി ചേര്‍ന്ന് ഹിറ്റ്മാന്‍ പടുത്തുയര്‍ത്തിയിരുന്നു. രോഹിത് മടങ്ങി അധികം വെെകാതെ രാഹുലിനെ റൂബല്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമിന്‍റെ കെെകളില്‍ എത്തിച്ചു. 92 പന്തില്‍ 77 റണ്‍സാണ് രാഹുല്‍ നേടിയത്.

പിന്നീട് നായകന്‍ വിരാടില്‍ നിന്ന് ഒരു വമ്പന്‍ ഇന്നിംഗ്സ് പ്രതീക്ഷിച്ചെങ്കിലും സ്ഥിരം കോലി മാജിക് ഇന്ന് ആവര്‍ത്തിക്കപ്പെട്ടില്ല. മുസ്താഫിസുറിനെ സിക്സര്‍ പറത്താനുള്ള കോലിയുടെ ശ്രമം റൂബലിന്‍റെ കെെകളില്‍ ഒതുങ്ങി. ഹാര്‍ദിക് വന്നതും നിന്നതും പോയതും ഒരുമിച്ചായതോടെ ഇന്ത്യന്‍ മധ്യനിരയില്‍ ആശങ്ക പടര്‍ന്നു.

india vs bangladesh indian innings report

എന്നാല്‍, ഋഷഭ് പന്ത് ബൗണ്ടറികളുമായി നിറഞ്ഞാടിയതോടെ കളി വീണ്ടും ഇന്ത്യയുടെ വരുതിയിലായി. 41 പന്തില്‍ ആറ് ഫോറും ഒരു സിക്സും പറത്തിയ ഋഷഭ് അര്‍ധ സെഞ്ചുറി ഉറപ്പിച്ച ഘട്ടത്തിലാണ് നിര്‍ഭാഗ്യം വീണ്ടുമെത്തിയത്. ഷാക്കിബ് ആയിരുന്നു ഋഷഭിനെ (48) പുറത്താക്കി ബംഗ്ലാദേശിനെ കൂടുതല്‍ പരിക്കില്‍ നിന്ന് രക്ഷിച്ചത്.

india vs bangladesh indian innings report

തന്‍റെ കരിയറിലെ ആദ്യ ലോകകപ്പ് മത്സരത്തിലേക്ക് വളരെയേറെ പ്രതീക്ഷയുമായിറങ്ങിയ ദിനേശ് കാര്‍ത്തിക് ഒരു ബൗണ്ടറി നേടിയെങ്കിലും എട്ട് റണ്‍സുമായി തിരികെ മടങ്ങാനായിരുന്നു വിധി. 33 പന്തില്‍ 35 റണ്‍സെടുത്ത ധോണിയുടെ വിക്കറ്റ് അവസാന ഓവറില്‍ വീണില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്കോര്‍ 320 കടക്കുമായിരുന്നു. 10 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം മുസ്താഫിസുര്‍ സ്വന്തമാക്കിയത്. 

Follow Us:
Download App:
  • android
  • ios