ബിര്‍മിംഗ്ഹാം: ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. ഓപ്പണര്‍ കെ എല്‍ രാഹുലിനെ ആദ്യ ഓവറുകളില്‍ തന്നെ നഷ്ടമായതോടെ രോഹിത് ശര്‍മയും നായകന്‍ കോലിയും വളരെ ശ്രദ്ധിച്ചാണ് മുന്നോട്ട് പോകുന്നത്.

ഇരുവര്‍ക്കും  ജീവന്‍ നല്‍കി ഇംഗ്ലീഷ് ഫീല്‍ഡര്‍മാരും സഹായിച്ചതും ഇന്ത്യക്ക് ആശ്വാസമായി. ക്രിസ് വോക്സ് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് രാഹുലിന്‍റെ പ്രതിരോധം പാളിയത്. ഒമ്പത് പന്തുകളില്‍ നിന്ന് സംപൂജ്യനായാണ് താരം മടങ്ങിയത്.

കളി പുരോഗമിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ, മേധാവിത്വം മാറി മറിഞ്ഞ മത്സരത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ 337 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഒരുസമയത്ത് 370 കടക്കുമെന്ന തോന്നിച്ച ഇംഗ്ലീഷ് പടയെ 350ല്‍ താഴെ ഒതുക്കിയത്.

10 ഓവറില്‍ 69 റണ്‍സ് വഴങ്ങി ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ടിനായി ജോനി ബെയര്‍സ്റ്റോ സെഞ്ചുറി നേടിപ്പോള്‍ ജേസണ്‍ റോയി, ബെന്‍ സ്റ്റോക്സ് എന്നിവര്‍ അര്‍ധ ശതകങ്ങളും സ്വന്തമാക്കി.