Asianet News MalayalamAsianet News Malayalam

കളം നിറഞ്ഞ് രോഹിത് ശര്‍മ, വീണ്ടും സെഞ്ചുറി നഷ്ടമായി വിരാട് കോലി

രാഹുല്‍ പുറത്തായതോടെ ഒത്തുച്ചേര്‍ന്ന രോഹിത് ശര്‍മയും വിരാട് കോലിയും വമ്പനടികള്‍ക്ക് ശ്രമിക്കാതെ വിക്കറ്റ് സൂക്ഷിച്ചാണ് ആദ്യ ഘട്ടത്തില്‍ മുന്നോട്ട് പോയത്. എന്നാല്‍, നിലയുറപ്പിച്ച് ഇരുവരും താളം കണ്ടെത്തിയതോടെ ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിചതച്ചു

india vs england indian innings 30 overs live updates
Author
Birmingham, First Published Jun 30, 2019, 9:18 PM IST

ബിര്‍മിംഗ്ഹാം: ഓപ്പണര്‍ കെ എല്‍ രാഹുല്‍ തുടക്കത്തില്‍ തന്നെ വീണതോടെ അല്‍പം പതുങ്ങിയെങ്കിലും ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ച് ഇന്ത്യ. രാഹുല്‍ പുറത്തായതോടെ ഒത്തുച്ചേര്‍ന്ന രോഹിത് ശര്‍മയും വിരാട് കോലിയും വമ്പനടികള്‍ക്ക് ശ്രമിക്കാതെ വിക്കറ്റ് സൂക്ഷിച്ചാണ് ആദ്യ ഘട്ടത്തില്‍ മുന്നോട്ട് പോയത്.

എന്നാല്‍, നിലയുറപ്പിച്ച് ഇരുവരും താളം കണ്ടെത്തിയതോടെ ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിചതച്ചു. രണ്ട് പേരും അര്‍ധ ശതകം നേടി മുന്നോട്ട് പോകുന്നതിനിടെയാണ് കോലിയെ പ്ലങ്കറ്റ് പുറത്താക്കിയത്. 76 പന്തില്‍ 66 റണ്‍സാണ് കോലി നേടിയത്. തുടര്‍ച്ചയായ അഞ്ചാമത്തെ അര്‍ധശതകമാണ് കോലി ലോകകപ്പില്‍ സ്വന്തമാക്കിയത്.

338 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രാഹുലിന്‍റെ വിക്കറ്റ് നഷ്ടമായത് ആഘാതം ഏല്‍പ്പിച്ചിരുന്നു. ക്രിസ് വോക്സ് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് രാഹുലിന്‍റെ പ്രതിരോധം പാളിയത്.

ഒമ്പത് പന്തുകളില്‍ നിന്ന് സംപൂജ്യനായാണ് താരം മടങ്ങിയത്. കളി പുരോഗമിക്കുമ്പോള്‍ 30 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത്തിനൊപ്പം ഋഷഭ് പന്താണ് ക്രീസില്‍. നേരത്തെ, മേധാവിത്വം മാറി മറിഞ്ഞ മത്സരത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ 337 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഒരുസമയത്ത് 370 കടക്കുമെന്ന തോന്നിച്ച ഇംഗ്ലീഷ് പടയെ 350ല്‍ താഴെ ഒതുക്കിയത്. 10 ഓവറില്‍ 69 റണ്‍സ് വഴങ്ങി ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ടിനായി ജോനി ബെയര്‍സ്റ്റോ സെഞ്ചുറി നേടിപ്പോള്‍ ജേസണ്‍ റോയി, ബെന്‍ സ്റ്റോക്സ് എന്നിവര്‍ അര്‍ധ ശതകങ്ങളും സ്വന്തമാക്കി. 
 

Follow Us:
Download App:
  • android
  • ios