ബര്‍മിംഗ്ഹാം: ഓപ്പണര്‍ ജേസണ്‍ റോയി തിരിച്ചെത്തിയതോടെ ഓപ്പണിംഗ് വിക്കറ്റില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത് ഇംഗ്ലണ്ട്. ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിന് ഇന്ത്യക്കെതിരെ എഡ്ജ്ബാസ്റ്റണില്‍ ഇറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരടങ്ങിയ ഇന്ത്യയുടെ കരുത്തുറ്റ ബൗളിംഗ് നിരയ്ക്കെതിരെ വിക്കറ്റ് കാത്തുസൂക്ഷിക്കാനുള്ള ശ്രമത്തിലാണ് ആതിഥേയര്‍. എങ്കിലും ബുമ്രയുടെ മിന്നല്‍ പന്തുകളില്‍ ചില സമയങ്ങളില്‍ ജേസണ്‍ റോയിയും ജോനി ബെയര്‍സ്റ്റോയും ആടിയുലയുന്നത് ഇന്ത്യക്ക് ശുഭകരമായ സൂചനയാണ്.

കളി പുരോഗിക്കുമ്പോള്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 47 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.  ഇന്ത്യക്കെതിരായ നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.  

മോശം ഫോമില്‍ കളിക്കുന്ന വിജയ് ശങ്കറിന് പകരമായി വെടിക്കെട്ട് ബാറ്റ്സമാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് സെമി ഉറപ്പാക്കാനുള്ള പോരാട്ടത്തിന് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പുതിയ ജേഴ്സി അണിഞ്ഞാണ് ഇന്ന് ഇന്ത്യ കളിക്കിറങ്ങിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.