Asianet News MalayalamAsianet News Malayalam

അമ്പയറുടെ തീരുമാനത്തിന് മുന്നില്‍ വീണ് രോഹിത്; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

കെമര്‍ റോച്ച് എറിഞ്ഞ അഞ്ചാം ഓവറിന്‍റെ അവസാന പന്തില്‍ രോഹിത്തിന്‍റെ ബാറ്റില്‍ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന്‍റെ കെെകളില്‍ എത്തിയതെന്നാണ് മൂന്നാം അമ്പയര്‍ വിധിച്ചത്. ഗ്രൗണ്ട് അമ്പയറുടെ തീരുമാനം വിന്‍ഡീസ് റിവ്യൂവിന് വിട്ടതോടെയാണ് പുതിയ തീരുമാനം വന്നത്

india vs west indies live updates 10overs
Author
Manchester, First Published Jun 27, 2019, 3:49 PM IST

മാഞ്ചസ്റ്റര്‍: മൂന്നാം അമ്പയറുടെ തെറ്റായ തീരുമാനം എന്ന് തോന്നിപ്പിക്കുന്ന വിധിയില്‍ രോഹിത് പുറത്തായതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരീബിയന്‍ പേസര്‍മാര്‍ക്കെതിരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്.

തുടക്കം തന്നെ വമ്പനടികള്‍ക്ക് ശ്രമിക്കാതെ നിലയുറിപ്പാക്കാനുള്ള നീക്കങ്ങളാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും നടത്തിയത്. സ്ഥിതി മനസിലാക്കി ഫോമിലെന്ന് തോന്നിപ്പിച്ച രോഹിത് ഗിയര്‍ മാറ്റിയ സമയത്താണ് നിര്‍ഭാഗ്യത്തിന്‍റെ രൂപത്തില്‍ വിക്കറ്റ് വീണത്.

കെമര്‍ റോച്ച് എറിഞ്ഞ അഞ്ചാം ഓവറിന്‍റെ അവസാന പന്ത് രോഹിത്തിന്‍റെ ബാറ്റില്‍ തട്ടിയാണ്  വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന്‍റെ കെെകളില്‍ എത്തിയതെന്നാണ് മൂന്നാം അമ്പയര്‍ വിധിച്ചത്. ഗ്രൗണ്ട് അമ്പയറുടെ തീരുമാനം വിന്‍ഡീസ് റിവ്യൂവിന് വിട്ടതോടെയാണ് പുതിയ തീരുമാനം വന്നത്.

എന്നാല്‍, രോഹിത്തിന്‍റെ പാഡില്‍ തട്ടിയാണ് പന്ത് ഹോപ്പിന്‍റെ കെെകളില്‍ എത്തിയതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അള്‍ട്രാ എഡ്ജില്‍ അടക്കം ദൃശ്യങ്ങള്‍ ലഭിച്ചത്. എന്നാല്‍, ബാറ്റിനും പാഡ‍ിനും ഇടയിലൂടെ പോയ പന്ത് ബാറ്റുമായി കൂടുതല്‍ അടുത്തായിരുന്നതിനാലാണ് ഔട്ട് വിധച്ചതെന്നാണ് സൂചന. 23 പന്തില്‍ 18 റണ്‍സായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം.

രോഹിത് പുറത്തായതോടെ നായകന്‍ വിരാട് കോലിയാണ് ക്രീസില്‍ എത്തിയത്. കളി പുരോഗമിക്കുമ്പോള്‍ പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

അഫ്ഗാനിസ്ഥാനെതിരെ വിജയിച്ച മത്സരത്തില്‍ നിന്ന് ഒരു മാറ്റം പോലും വരുത്താതെയാണ് ഇന്ത്യന്‍ ടീം വിന്‍ഡീസിനെതിരെ ഇറങ്ങിയത്. അതേസമയം, വിന്‍ഡീസ് ടീമില്‍ രണ്ട് മാറ്റമുണ്ട്. എവിന്‍ ലൂയിസിന് പകരം സുനില്‍ അംബ്രിസും ആഷ്‌ലി നഴ്‌സിന് പകരം ഫാബിയന്‍ അലനും ടീമിലെത്തി.

Follow Us:
Download App:
  • android
  • ios