മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ സെഞ്ചുറിക്കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ന്യൂസീലന്‍ഡിന് മികച്ച സ്‌കോര്‍. തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം വില്യംസണ്‍- ടെയ്‌ലര്‍ കൂട്ടുകെട്ടില്‍ ശക്തമായി തിരിച്ചെത്തിയ കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 291 റണ്‍സെടുത്തു. വില്യംസണ്‍ 148 റണ്‍സും ടെയ്‌ലര്‍ 69 റണ്‍സുമെടുത്തു. വിന്‍ഡീസിനായി കോട്‌റെല്‍ നാല് വിക്കറ്റും ഒരു റണ്‍ഔട്ടും നേടി.

തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം വില്യംസണ്‍- ടെയ്‌ലര്‍ സഖ്യം കിവീസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. കോ‌ട്‌റെ‌ലിന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിലും അഞ്ചാം പന്തില്‍ കോളിന്‍ മണ്‍റോയും ഗോള്‍ഡണ്‍ ഡക്കായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വില്യംസണും ടെയ്‌ലറും 160 റണ്‍സ് ചേര്‍ത്തു. 69 റണ്‍സെടുത്ത ടെയ്‌ലറെ പുറത്താക്കി 35-ാം ഓവറില്‍ ഗെയ്‌ല്‍ ബ്രേക്ക് ത്രൂ നല്‍കി.

എന്നാല്‍ ഈ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി തികച്ച വില്യംസണ്‍ 124 പന്തില്‍ നൂറിലെത്തി. 154 പന്തില്‍ 148 റണ്‍സെടുത്ത വില്യംസണെയും മടക്കി കോട്‌റെല്‍ ആഞ്ഞടിച്ചു. ലഥാമിനെ(12) കോട്‌റെല്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ഗ്രാന്‍ഡ്ഹോമിനെ റണ്‍ഔട്ടാക്കി. നീഷാം 23 പന്തില്‍ 28 റണ്‍സും സാന്‍റ്‌നര്‍ അഞ്ച് പന്തില്‍ 10 റണ്‍സുമെടുത്ത് പുറത്തായി. റസലിന് പകരം ടീമിലെത്തിയ ബ്രാത്ത്‌വെയ്റ്റ് രണ്ട് വിക്കറ്റ് നേടി.