Asianet News MalayalamAsianet News Malayalam

സെഞ്ചുറികള്‍ പാഴായി; ഇംഗ്ലീഷ് വെല്ലുവിളി മറികടന്ന് പാക് പട

ഒരു സെഞ്ചുറി പോലും ഇല്ലാതെ തന്നെ പാക്കിസ്ഥാന്‍ മികച്ച് സ്കോര്‍ നേടിയെടുക്കുകയായിരുന്നു. അതേസമയം, ഇംഗ്ലണ്ടിനായി ജോ റൂട്ടും (107), ജോസ് ബട്‍ലര്‍ (103) നേടിയ സെഞ്ചുറികള്‍ പാഴായി

pakistan beat england in world cup
Author
Nottingham, First Published Jun 3, 2019, 11:23 PM IST

നോട്ടിംഗ്ഹാം: ട്രെന്‍ഡ് ബ്രിഡ്ജിലെ റണ്‍ ഒഴുകുന്ന പിച്ചില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ റണ്‍ മലയ്ക്ക് മുന്നില്‍ ബാറ്റ് വച്ച് കീഴടങ്ങി ഇംഗ്ലീഷ് പട. ഏത് ഉയര്‍ന്ന സ്കോറും തങ്ങളുടെ ബാറ്റിംഗ് നിരയുടെ ആഴം കൊണ്ട് മറികടക്കാമെന്ന ഇയോണ്‍ മോര്‍ഗന്‍റെയും സംഘത്തിന്‍റെ ആത്മവിശ്വാസത്തിന്‍റെ മുകളിലാണ് പാക് പട പതാക നാട്ടിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിനായി ജോ റൂട്ടും (107), ജോസ് ബട്‍ലര്‍ (103) നേടിയ സെഞ്ചുറികള്‍ പാഴായി.

pakistan beat england in world cup

പാക്കിസ്ഥാനായി ഏറെ വിമര്‍ശനം കേട്ട വഹാബ് റിയാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശദബ് ഖാനും മുഹമ്മദ് അമീറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ 14 റണ്‍സിന്‍റെ വിജയമാണ് സര്‍ഫ്രാസും സംഘവും നേടിയത്. നേരത്തെ, പാക്കിസ്ഥാനായി 62 പന്തില്‍ 84 റണ്‍സെടുത്ത മുഹമ്മദ് ഹഫീസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ബാബര്‍ അസം (63), സര്‍ഫ്രാസ് (55) ഇമാം ഉള്‍ ഹഖ് (44) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ഇംഗ്ലണ്ടിന്‍റെ പേസ് ബൗളര്‍മാര്‍ നിറംമങ്ങിയപ്പോള്‍ പത്ത് ഓവറില്‍ 50 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മോയിന്‍ അലിയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. വലിയ ലക്ഷ്യമെങ്കിലും ബാറ്റിംഗിനെ ഏറെ തുണയ്ക്കുന്ന പിച്ചിലേക്ക് മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി ലഭിച്ചു. കളത്തില്‍ തൊട്ടതെല്ലാം പിഴച്ച ജേസണ്‍ റോയിക്ക് ബാറ്റ് കൊണ്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ശബബ് ഖാന് മുന്നില്‍ കുരുങ്ങി റോയ് പുറത്താകുമ്പോള്‍ ഇംഗ്ലീഷ് സ്കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് മാത്രം.

പിന്നീടെത്തിയ ജോ റൂട്ടുമായി ചേര്‍ന്ന് ജോനി ബെയര്‍സ്റ്റോ സ്കോര്‍ ബോര്‍ഡിലേക്ക് അതിവേഗം റണ്‍സ് ചേര്‍ത്ത് തുടങ്ങി. എന്നാല്‍ ബെയര്‍സ്റ്റോ വീണതോടെ പാക്കിസ്ഥാന്‍ കളയിലേക്ക് തിരിച്ചെത്തി. നായകന്‍ ഇയോണ്‍ മോര്‍ഗനും ബെന്‍ സ്റ്റോക്സിനും ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ 118 റണ്‍സിന് നാല് വിക്കറ്റ് എന്ന പരുങ്ങിയ നിലയിലായി ആതിഥേയര്‍.

പക്ഷേ, ഒരറ്റത്ത് നിലയുറപ്പിച്ച റൂട്ടിന് കൂട്ടായി ജോസ് ബട്‍ലര്‍ വന്നതോടെ കാര്യങ്ങള്‍ മാറി. തന്‍റെ സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശിയ ബട്‍ലര്‍ പാക് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ചതിന്‍റെ ആഘോഷം ഗാലറിയില്‍ തുടരുന്നതിനിടെ റൂട്ട് പുറത്തായതോടെയാണ് കളിയില്‍ പ്രധാന വഴിത്തിരിവുണ്ടാകുന്നത്. തുടര്‍ന്ന് പ്രതീക്ഷയുടെ എല്ലാ ഭാരങ്ങളുമായി ബാറ്റ് ചെയ്ത് ബട്‍ലറും ശതകം കുറിച്ചെങ്കിലും മുഹമ്മദ് അമീറിന് മുന്നില്‍ കീഴടങ്ങി.

pakistan beat england in world cup

മോയിന്‍ അലിക്കും ക്രിസ് വോക്സിനും ഒന്നും പാക് ശൗര്യത്തിന് മുന്നില്‍ മറുപടി ഇല്ലാതായതോടെ മിന്നും വിജയം പാക് പട പേരിലെഴുതി. അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും ചേര്‍ന്ന് നല്‍കിയത്. ഇമാം ഉള്‍ ഹഖ് ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ ആക്രമണത്തിന്‍റെ ചുമതല ഫഖര്‍ സമാന്‍ ആണ് ഏറ്റെടുത്തത്.

ഇരുവരും മുന്നേറിയതോടെ ആദ്യ വിക്കറ്റിനായി ഇംഗ്ലണ്ടിന് 14-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. മോയിന്‍ അലിയുടെ കുത്തിതിരിഞ്ഞ പന്തിന്‍റെ ഗതി മനസിലാവാതിരുന്ന ഫഖറിന് പന്ത് ഹിറ്റ് ചെയ്യാനായില്ല. ശരവേഗത്തില്‍ ബട്‍ലര്‍ സ്റ്റംപ് ചെയ്തതോടെ പാക് ഓപ്പണിംഗ് ബാറ്റ്സ്മാന്‍റെ കഥ കഴിഞ്ഞു. പിന്നീടെത്തിയ ബാബര്‍ അസം കളം നിറഞ്ഞെങ്കിലും പാക് സ്കോര്‍ 111ല്‍ നില്‍ക്കെ ഇമാം ഉള്‍ ഹഖും മോയിന്‍ അലിക്ക് മുന്നില്‍ വീണു.

pakistan beat england in world cup

ഇതോടെ പാക്കിസ്ഥാനെ വരിഞ്ഞ് മുറുക്കാമെന്നുള്ള പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് മുന്നില്‍ ബാബറും മുഹമ്മദ് ഹഫീസും പാറപോലെ ഉറച്ച് നിന്നു. ഹഫീസിന് രണ്ട് തവണ ജേസണ്‍ റോയ് ജീവന്‍ നല്‍കിയതോടെ സ്കോര്‍ ബോര്‍‍ഡില്‍ റണ്‍സ് നിറഞ്ഞു. ഒരു സെഞ്ചുറി പോലും ഇല്ലാതെ തന്നെ പാക്കിസ്ഥാന്‍ മികച്ച് സ്കോര്‍ നേടിയെടുക്കുകയായിരുന്നു. ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ട പാക്കിസ്ഥാന്‍റെ മികച്ച തിരിച്ചുവരവിന് കൂടെ നോട്ടിംഗ്ഹാം സാക്ഷ്യം വഹിച്ചു.

Follow Us:
Download App:
  • android
  • ios