ലീഡ്‌സ്: ലോകകപ്പില്‍ ഫേവറേറ്റുകളായ ഇംഗ്ലണ്ടിനെ അവരുടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 20 റണ്‍സിന് അട്ടിമറിച്ച് ലങ്കയുടെ ഹീറോയിസം. ആദ്യം ബാറ്റ് ചെയ്ത് 232 റണ്‍സ് മാത്രം നേടിയ ലങ്ക ലസിത് മലിംഗ നയിച്ച ബൗളിംഗ് ആക്രമണത്തില്‍ ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ പോരാട്ടം 47 ഓവറില്‍ 212ല്‍ അവസാനിച്ചു. മലിംഗ നാലും ധനഞ്ജയ മൂന്നും ഉഡാന രണ്ടും വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗില്‍ എയ്ഞ്ചലോ മാത്യൂസാണ്(85*) ലങ്കയുടെ ഹീറോ.

മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ ജോണി ബെയര്‍‌സ്റ്റോയെ എല്‍ബിയില്‍ കുടുക്കി മലിംഗ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. സഹ ഓപ്പണര്‍ ജെയിംസ് വിന്‍സ്(14), കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍(21) എന്നിവര്‍ക്കും തിളങ്ങാനായില്ല. അര്‍ദ്ധ സെഞ്ചുറി നേടിയ റൂട്ടും(57) പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ജോസ് ബട്‌ലര്‍(10), മൊയിന്‍ അലി(16) എന്നിവരും വേഗം മടങ്ങി.

എന്നാല്‍ ഒറ്റയാന്‍റെ മികവുമായി പിന്നാലെ ബെന്‍ സ്റ്റോക്‌സ് അര്‍ദ്ധ സെഞ്ചുറി തികച്ചു. ധനഞ്ജയയുടെ 41-ാം ഓവര്‍ നിര്‍ണായകമായി. അടുത്തടുത്ത പന്തുകളില്‍ വോക്‌സും(2), ആദില്‍ റഷീദും(1) പുറത്ത്. ആര്‍ച്ചറും(3) പുറത്തായതോടെ ഇംഗ്ലണ്ട് 186-9. സ്റ്റോക്‌സ് അവസാന പന്തുകളില്‍ വമ്പന്‍ വെടിക്കെട്ട് നടത്തിയെങ്കിലും വുഡ്(0) പുറത്തായതോടെ ലങ്കയ്‌ക്ക് അട്ടിമറി ജയം. പൊരുതിയ സ്റ്റോക്‌സ് 89 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ദിമുത് കരുണരത്‌നെ ഒരു റണ്‍സിനും കുശാല്‍ പെരേര രണ്ട് റണ്ണിലും പുറത്തായപ്പോള്‍ ലങ്ക 3-2 എന്ന നിലയില്‍ തുടക്കത്തിലെ തകര്‍ന്നു. അര്‍ദ്ധ സെഞ്ചുറിയുമായി എയ്‌ഞ്ചലോ മാത്യൂസാണ്(85*) ലങ്കയെ 200 കടത്തിയത്.

ഫെര്‍ണാണ്ടോ(49),  കുശാല്‍ മെന്‍ഡിസ്(46) എന്നിവരാണ് ലങ്കയുടെ മറ്റ് ഉയര്‍ന്ന സ്‌കോറുകാര്‍. ജീവന്‍ മെന്‍ഡിസ്(0), ധനഞ്ജയ ഡിസില്‍വ(29), തിസാര പെരേര(2), ഇസുരു ഉഡാന(6), ലസിത് മലിംഗ(1) എന്നിവര്‍ തിളങ്ങിയില്ല. മാത്യൂസിനൊപ്പം നുവാന്‍ പ്രദീപും(1) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ആര്‍ച്ചറും വുഡും മൂന്ന് വിക്കറ്റ് വീതവും ആദില്‍ റഷീദ് രണ്ടും വിക്കറ്റ് നേടി.