Asianet News MalayalamAsianet News Malayalam

ഉദ്ഘാടന മത്സരം കെങ്കേമം; സ്റ്റോക്സ് കത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 312 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സെടുത്തത്.

Stokes played his part and SA need big total against ENG in inaugural WC match
Author
London, First Published May 30, 2019, 6:55 PM IST

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 312 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സെടുത്തത്. 79 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (57), ജേസണ്‍ റോയ് (54), ജോ റൂട്ട് (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും ഇമ്രാന്‍ താഹിര്‍, കഗിസോ റബാദ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ജോണി ബെയര്‍സ്‌റ്റോ (0), ജോസ് ബട്‌ലര്‍ (18), മൊയീന്‍ അലി (3), ക്രിസ് വോക്‌സ് (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലിയാം പ്ലങ്കറ്റ് (6), ജോഫ്ര ആര്‍ച്ചര്‍ (7) എന്നിവര്‍ പുറത്താവാതെ നിന്നു. ലോകകപ്പിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലണ്ടിന് ബെയര്‍സ്‌റ്റോയെ നഷ്ടമായി. താഹിറിനായിരുന്നു വിക്കറ്റ്. പിന്നാലെ റോയ്- റൂട്ട് സഖ്യം കൂട്ടിച്ചേര്‍ത്ത 106 റണ്‍സാണ് ഇംഗ്ലണ്ടിന് അടിത്തറ പാകിയത്. എന്നാല്‍ ഇരുവരെയും പെട്ടന്ന് തന്നെ ഇംഗ്ലണ്ടിന് നഷ്ടമായി. ഇതോടെ ആതിഥേയര്‍ മൂന്നിന് 111 എന്ന നിലയിലേക്ക് വീണു. 

തുടര്‍ന്ന് ഒത്തുച്ചേര്‍ന്ന മോര്‍ഗന്‍- സ്‌റ്റോക്‌സ് സഖ്യവും 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തകര്‍ച്ചയില്‍ നിന്ന കരകയറ്റിയതും ഈ കൂട്ടുക്കെട്ടാണ്. എന്നാല്‍ മോര്‍ഗന്‍ പുറത്തായ ശേഷം ബട്‌ലര്‍, മൊയീന്‍ അലി എന്നിവര്‍ പെട്ടന്ന് മടങ്ങിയത് ഇംഗ്ലണ്ടിന് ക്ഷീണം ചെയ്തു. സ്‌റ്റോക്‌സിനെ എന്‍ഗിഡി മടക്കിയതോടെ ഇംഗ്ലണ്ട് 311ല്‍ ഒതുങ്ങുകയായിരുന്നു.

Follow Us:
Download App:
  • android
  • ios