Asianet News MalayalamAsianet News Malayalam

ആത്മാഭിമാനത്തിന്‍റെ പോരില്‍ വിന്‍ഡീസിന് വിജയം; സ്വപ്നം ബാക്കിയാക്കി അഫ്ഗാന്‍

ലോകകപ്പിലെ ആദ്യ വിജയമെന്ന സ്വപ്നം സാധ്യമാക്കാന്‍ ഇറങ്ങി അഫ്ഗാന്‍ 23 റണ്‍സിന്‍റെ പരാജയം ഏറ്റുവാങ്ങി. വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അഫ്ഗാന്‍റെ വീര്യം 288 റണ്‍സില്‍ അവസാനിച്ചു

west indies beat afganistan
Author
Leeds, First Published Jul 4, 2019, 11:06 PM IST

ലീഡ്സ്: ലോകകപ്പിലെ അവസാന സ്ഥാനക്കാരുടെ ആത്മാഭിമാനത്തിന്‍റെ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് വിജയം. വിജയം നേടി ലോകകപ്പില്‍ നിന്ന് മടങ്ങാമെന്നുള്ള ആഗ്രഹവുമായി ഇറങ്ങിയ ഇരുടീമുകളും തമ്മില്‍ ആവേശ പോരാട്ടമാണ് ലീഡ്സില്‍ നടന്നത്. എന്നാല്‍, ലോകകപ്പിലെ ആദ്യ വിജയമെന്ന സ്വപ്നം സാധ്യമാക്കാന്‍ ഇറങ്ങിയ അഫ്ഗാന്‍ 23 റണ്‍സിന്‍റെ പരാജയം ഏറ്റുവാങ്ങി.

വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അഫ്ഗാന്‍റെ വീര്യം 288 റണ്‍സില്‍ അവസാനിച്ചു. ലോകകപ്പിലെ ആദ്യ ജയമെന്ന സ്വപ്നവുമായി 312 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ അഫ്ഗാനിന്‍റെ തുടക്കം ശുഭകരമായിരുന്നില്ല. സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമുള്ളപ്പോള്‍ നായകന്‍ ഗുല്‍ബാദിന്‍ നെയ്ബ് തിരികെ ഡ്രെസിംഗ് റൂമിലെത്തി.

പിന്നീട് ഒന്നിച്ച റഹ്മത് ഷായും ഇക്രം അലിയുമാണ് അഫ്ഗാന് പ്രതീക്ഷ നല്‍കിയത്. റഹ്മത് ഷാ 78 പന്തില്‍ 62 റണ്‍സെടുത്തു. ഷായെ ബ്രാത്‍വെയിറ്റും ഇക്രം അലിയെ (86)  ഗെയിലും വീഴ്ത്തിയതോടെ കളി മാറി. പിന്നീട് സദ്രാനും അസ്ഗാറും അവസാനം സയിദ് ഷിര്‍സാദും പൊരുതി നോക്കിയെങ്കിലും വിജയം സ്വന്തമാക്കാന്‍ മാത്രം സാധിച്ചില്ല. വിന്‍ഡീസിനായി കെമര്‍ റോച്ച് 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

west indies beat afganistan

അതേസമയം,  ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ്  നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് കുറിച്ചത്. കരീബിയന്‍സിനായി ഓപ്പണര്‍ എവിന്‍ ലൂയിസും ഷെയ് ഹോപ്പും നിക്കോളാസ് പുരാനും അര്‍ധ സെഞ്ചുറി നേട്ടം സ്വന്തമാക്കി. അഫ്ഗാനായി ദാവ്ലത് സദ്രാന്‍ രണ്ട് വിക്കറ്റുകള്‍ നേടി. വന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്‍റെ തുടക്കം തിരിച്ചടിയോടെയായിരുന്നു.

വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍ അഞ്ചാം ഓവറില്‍ തന്നെ പുറത്തായി. 18 പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് ഗെയിലിന് നേടാനായത്. എന്നാല്‍, എവിന്‍ ലൂയിസും ഷെയ് ഹോപ്പും ഒത്തുച്ചേര്‍ന്നതോടെ വിന്‍ഡീസ് തിരിച്ചെത്തി. പിന്നീട് എവിന്‍ ലൂയിസ് പുറത്തായപ്പോഴെത്തിയ ഷിംറോന്‍ ഹെറ്റ്മെയറും (39) ഹോപ്പിന് മികച്ച പിന്തുണ നല്‍കിയതോടെ വിന്‍ഡീസ് സ്കോര്‍ ഉയര്‍ന്നു.

west indies beat afganistan

പക്ഷേ, ഇരുവരെയും പുറത്താക്കി അഫ്ഗാന്‍ ഞെട്ടിച്ചെങ്കിലും വിന്‍ഡീസിനെ തളയ്ക്കാന്‍ അതിനും കഴിഞ്ഞില്ല. നിക്കോളാസ് പുരാനും ജേസണ്‍ ഹോള്‍ഡറും മെച്ചപ്പെട്ട കളി പുറത്തെടുത്തതോടെ വിന്‍ഡീസ് മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. നിക്കോളാസ് 43 പന്തില്‍ 58 റണ്‍സെടുത്തപ്പോള്‍ ഹോള്‍ഡര്‍  34 പന്തില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ട് ഫോറും ഒരു സിക്സും പായിച്ച് നാല് പന്തില്‍ 14 റണ്‍സെടുത്ത കാര്‍ലോസ് ബ്രാത്‍വെയ്റ്റും തിളങ്ങി. 

Latest Videos
Follow Us:
Download App:
  • android
  • ios