Asianet News MalayalamAsianet News Malayalam

ശ്രീലങ്കന്‍ ടീമിനെ സഹായിക്കാനില്ലെന്ന് മഹേല ജയവര്‍ധനെ, മറുപടിയുമായി മാത്യൂസ്

സമീപകാലത്തെ ടീമിന്‍റെ മോശം പ്രകടനത്തെ തുട‍‍ര്‍ന്നാണ് ക്രിക്കറ്റ് ബോര്‍ഡ് മുംബൈ ഇന്ത്യന്‍സിനെ ഐ പി എല്‍ കിരീടത്തിലേക്ക് നയിച്ച ജയവര്‍ധനെയുടെ സഹായം തേടിയത്.

Angelo Mathews responds to captaincy criticism by Mahela Jayawardene
Author
Cardiff, First Published May 28, 2019, 12:29 PM IST

കൊളംബോ: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ സഹായിക്കണമെന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ തള്ളി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ. തന്റെ ചുമതല എന്താണെന്ന് വ്യക്തമല്ലെന്നും മുമ്പ് കുമാര്‍ സംഗക്കാരയ്ക്കൊപ്പം നല്‍കിയ നിര്‍ദേശങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിരസിക്കുകയായിരുന്നുവെന്നും ജയവര്‍ധനെ പറഞ്ഞു.

സമീപകാലത്തെ ടീമിന്‍റെ മോശം പ്രകടനത്തെ തുട‍‍ര്‍ന്നാണ് ക്രിക്കറ്റ് ബോര്‍ഡ് മുംബൈ ഇന്ത്യന്‍സിനെ ഐ പി എല്‍ കിരീടത്തിലേക്ക് നയിച്ച ജയവര്‍ധനെയുടെ സഹായം തേടിയത്. ലോകകപ്പിനുള്ള ടീം ഇംഗ്ലണ്ടില്‍ എത്തിക്കഴിഞ്ഞു. ടീം തെരഞ്ഞെടുപ്പിലോ മറ്റ് കാര്യങ്ങളിലോ പങ്കാളിയായിരുന്നില്ല. അവസാന നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറയില്ലെന്നും ജയവര്‍ധനെ പറഞ്ഞു.

ലങ്കയെ നയിച്ചിരുന്ന എയ്ഞ്ചലോ മാത്യൂസും ദിനേശ് ചണ്ഡിമലും ക്രിക്കറ്റില്‍ രാഷ്ട്രീയം കളിക്കാന്‍ പുറത്തുനിന്നുള്ളവര്‍ക്ക് അംവസരമൊരുക്കിയെന്നും ടീം അംഗങ്ങളെ സംരക്ഷിക്കുകയും അവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യേണ്ട സമയത്ത് മാത്യൂസ് നിശബ്ദനായി ഇരുന്നുവെന്നും ജയവര്‍ധനെ ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും അവരുടം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ മാത്യൂസ് ലോകകപ്പിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ഈ നിര്‍ണായക സമയത്ത് ജയവര്‍ധനെയെപ്പോലൊരു താരത്തിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ടീമിന് ഗുണമേ ചെയ്യൂവെന്നും വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios