ബംഗളൂരു: അടുത്തകാലത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ച ഒരു ടീമാണ് അഫ്ഗാനിസ്ഥാന്. ലോകകപ്പില്‍ അഫ്ഗാന്റെ പ്രകടനം ഉറ്റുനോക്കുന്നവര്‍ ഏറെയാണ്. അതിലൊരാളാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. ലോകകപ്പ് കളിക്കുന്ന വമ്പന്‍ ടീമുകളെ ഞെട്ടിക്കാനുള്ള കരുത്ത് അഫ്ഗാനുണ്ടെന്നാണ് കുംബ്ലെ അഭിപ്രായപ്പെടുന്നത്.

കുംബ്ലെ തുടര്‍ന്നു... ഏഷ്യ കപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു അവരുടേത്. ഇന്ത്യയുമായുള്ള മത്സരം സമനിലയിലാക്കാന്‍ അവര്‍ക്കായി. ഒരു മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചുവെന്ന് മാത്രമല്ല, പാക്കിസ്ഥാനെ വിറപ്പിയ്ക്കാനും അഫ്ഗാന് കഴിഞ്ഞിരുന്നു. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവര്‍ അടങ്ങുന്ന ടീം തീര്‍ച്ചയായും എതിര്‍ ടീമുകളെ വിറപ്പിക്കും.

ബാറ്റിങ്ങില്‍ മുഹമ്മദ് ഷെഹ്‌സാദിനെ പോലെയുള്ള താരങ്ങള്‍ തുടക്കം മുതല്‍ അക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഷെഹ്‌സാദിന് സാധിക്കും. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടുകയായിരിക്കും അഫ്ഗാന്‍ ഗെയിം പ്ലാന്‍. പിന്നീട് സ്പിന്നര്‍മാര്‍ വിക്കറ്റ് നേടുകയും ചെയ്താല്‍ അഫ്ഗാന്‍ ചില്ലറ ബുദ്ധിമുട്ടൊന്നുമായിരിക്കില്ല എതിരാളികള്‍ക്ക് ഉണ്ടാക്കുകയെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.