ലണ്ടന്‍: പരിക്കേറ്റ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ ടീമില്‍ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ ഓസ്‌ട്രേലിയ അടുത്ത ആഴ്‌ച തീരുമാനമെടുക്കും. ജൂണ്‍ 20ന് നടക്കുന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്‍പ് ഫിറ്റ്നസ് തെളിയിക്കണമെന്നാണ് സ്റ്റോയിനിസിന് ടീം നല്‍കിയിരിക്കുന്ന നിര്‍ദേശം. 

സ്റ്റാന്‍ഡ് ബൈ താരമായി ഇംഗ്ലണ്ടിലെത്തിയ മിച്ചല്‍ മാര്‍ഷ് ഇതിനകം പരിശീലനം തുടങ്ങിയതായി നായകന്‍ ആരോണ്‍ ഫിഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റോയിനിസ് ദിവസങ്ങള്‍ക്കുള്ളില്‍ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ മിച്ചലിനെ ഉള്‍പ്പെടുത്തും. അങ്ങനെ വന്നാല്‍ മിച്ചലിന് തിളങ്ങാനാകുമെന്നാണ് പ്രതീക്ഷയന്നും ഫിഞ്ച് പറഞ്ഞു.

ഓവലില്‍ ഇന്ത്യക്കെതിരായ മത്സരത്തിലാണ് സ്റ്റോയിനിസിന് പരിക്കേറ്റത്. പിന്നാലെ പാക്കിസ്ഥാനും ലങ്കയ്ക്കും എതിരായ മത്സരങ്ങള്‍ താരത്തിന് നഷ്ടമായി. ഒരു വര്‍ഷത്തിന് ശേഷം ഏകദിന കുപ്പായമണിയാനുള്ള സാധ്യതകളാണ് മിച്ചലിന് മുന്നില്‍ തെളിയുന്നത്. 2018 ജനുവരിയിലാണ് മിച്ചല്‍ അവസാനമായി ഏകദിനം കളിച്ചത്.