ടോന്‍ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയും പാകിസ്ഥാനും ഒന്‍പത് തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ അഞ്ച് തവണ ഓസ്ട്രേലിയയും നാല് തവണ പാകിസ്ഥാനും ജയിച്ചു.

1975ലെ ആദ്യ ലോകകപ്പ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 60 ഓവറില്‍ 278 റണ്‍സ്. പാകിസ്ഥാന്‍റെ മറുപടി 205ലൊതുങ്ങി. ഓസീസിന് 73 റണ്‍സിന്‍റെ ജയം. 1979ല്‍ പാകിസ്ഥാൻ തിരിച്ചടിച്ചു. ആദ്യം ബാറ്റ് ചെയ്ത പാക് ടീമിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയൻ ഇന്നിംഗ്സ് 197ല്‍ അവസാനിച്ചു. പാകിസ്ഥാന് 89 റണ്‍സിന്‍റെ ജയം.

1987 ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 50 ഓവറില്‍ 267 റണ്‍സ്. പാകിസ്ഥാൻ മറുപടി 249ല്‍ അവസാനിച്ചു. ഓസ്ട്രേലിയയ്ക്ക് 18 റണ്‍സിന്‍റെ ജയം. 1992ല്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 50 ഓവറില്‍ 220 റണ്‍സ്. ഓസ്ട്രേലിയയ്ക്ക് 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പാകിസ്ഥാന് 48 റണ്‍സിന്‍റെ ജയം. അത്തവണ പാകിസ്ഥാൻ കിരീടവും സ്വന്തമാക്കി.

1999ല്‍ ആദ്യം ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു. ഇൻസമാം ഉള്‍ ഹഖും അബ്ദുള്‍ റസാഖും അര്‍ദ്ധസെഞ്ചുറി നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 275 റണ്‍സ്. ഓസ്ട്രേലിയൻ മറുപടി 265ല്‍ അവസാനിച്ചു. പാകിസ്ഥാന് 10 റണ്‍സിന്‍റെ ജയം. ഫൈനലില്‍ വീണ്ടും ഓസ്ട്രേലിയ പാകിസ്ഥാൻ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മികവ് ആവര്‍ത്തിക്കാൻ പാകിസ്ഥാനായില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വെറും 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ ഷെയ്ൻ വോണാണ് പാകിസ്ഥാനെ വീഴ്ത്തിയത്. 20.1 ഓവറില്‍ ഓസ്ട്രേലിയ ജയത്തിലേക്കും കിരീടത്തിലേക്കും എത്തി.

2003 ലോകകപ്പില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 310 റണ്‍സ് അടിച്ചുകൂട്ടി. 125 പന്തില്‍ 143 റണ്‍സെടുത്ത ആൻഡ്രൂ സൈമണ്‍സിന്‍റെ ബാറ്റിംഗാണ് കരുത്തായത്. പാകിസ്ഥാന്‍റെ മറുപടി 228 റണ്‍സില്‍ അവസാനിച്ചു. ഓസ്ട്രേലിയയ്ക്ക് 82 റണ്‍സിന്‍റെ ജയം. 2011ല്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വെറും 176 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആറ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാൻ ലക്ഷ്യത്തിലെത്തി. 2015ലെ ക്വാര്‍ട്ടര്‍ ഫൈനല്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 213 റണ്‍സ് മാത്രം. 33.5 ഓവറില്‍ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. ഒടുവില്‍ കിരീടവും സ്വന്തമാക്കി.