ലണ്ടന്‍: ലോകകപ്പില്‍ റിസര്‍വ് ദിനങ്ങള്‍ വേണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് പരിശീലകന്‍ സ്റ്റീവ് റോഡ്‌സ്. മഴമൂലം ശ്രീലങ്കയ്‌ക്ക് എതിരായ മത്സരം ഉപേക്ഷിച്ചതിന് ശേഷമാണ് റോഡ്‌സിന്‍റെ പ്രതികരണം. ലങ്കയ്‌ക്ക് എതിരായ മത്സരം വിജയിച്ച് രണ്ട് പോയിന്‍റ് നേടാനാകും എന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ മഴ നിരാശ നല്‍കിയെന്നും അദേഹം പറഞ്ഞു.

മഴ ലോകകപ്പിലെ മത്സരങ്ങള്‍ക്ക് കനത്ത ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനകം മൂന്ന് മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്. ഇന്ന് നടക്കേണ്ടിയിരുന്ന ബംഗ്ലാദേശ്- ശ്രീലങ്ക മത്സരം ടോസ് പോലും ഇടാനാകാതെയാണ് ഉപേക്ഷിച്ചത്. ഇന്നലെ(തിങ്കളാഴ്‌ച) വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരം എട്ട് ഓവര്‍ എറിഞ്ഞ ശേഷം വേണ്ടെന്നുവെച്ചിരുന്നു. ലങ്കയുടെ തന്നെ പാക്കിസ്ഥാനെതിരായ മത്സരവും മഴമൂലം നേരത്തെ ഉപേക്ഷിച്ചു.

ബുധനാഴ്‌ച നടക്കുന്ന പാക്കിസ്താന്‍- ഓസ്‌ട്രേലിയ മത്സരത്തിനും മഴയുടെ ഭീഷണിയുണ്ട്. എന്നാല്‍ പ്രതികൂല കാലാവസ്ഥയിലും ലോകകപ്പില്‍ റൗണ്ട് റോബിന്‍ സ്റ്റേജ് മത്സരങ്ങള്‍ക്കായി റിസര്‍വ് ദിനങ്ങള്‍ മാച്ചിവെച്ചിട്ടില്ല എന്നത് ശ്രദ്ധേയാണ്. ഇതിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.