Asianet News MalayalamAsianet News Malayalam

അട്ടിമറിയോടെ ബംഗ്ലാ കടുവകള്‍ തുടങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം തോല്‍വി

ലോകകപ്പില്‍ വമ്പന്‍ അട്ടിമറിയുമായി ബംഗ്ലാദേശ് അരങ്ങേറി. പേരുകേട്ട ബൗളിങ് നിരയുമായെത്തിയ ദക്ഷിണാഫ്രിക്കയെ 21 റണ്‍സിന് തോല്‍പ്പിച്ചാണ് ലോകകപ്പില്‍ കറുത്ത കുതിരകളാവുമെന്ന് പ്രതീക്ഷിക്കുന്ന ബംഗ്ലാദേശ് തുടങ്ങിയത്.

Bangladesh stunned South Africa by ... runs in world cup
Author
London, First Published Jun 2, 2019, 11:02 PM IST

ലോകകപ്പില്‍ വമ്പന്‍ അട്ടിമറിയുമായി ബംഗ്ലാദേശ് അരങ്ങേറി. പേരുകേട്ട ബൗളിങ് നിരയുമായെത്തിയ ദക്ഷിണാഫ്രിക്കയെ 21 റണ്‍സിന് തോല്‍പ്പിച്ചാണ് ലോകകപ്പില്‍ കറുത്ത കുതിരകളാവുമെന്ന് പ്രതീക്ഷിക്കുന്ന ബംഗ്ലാദേശ് തുടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുക്കാനാണ് സാധിച്ചത്. 

മുസ്തഫിസുര്‍ റഹ്മാന്റെ മൂന്നും മുഹമ്മദ് സെയ്ഫുദീന്റെ  രണ്ട് വിക്കറ്റ് പ്രകടനവും ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായകമായി. 62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. എയ്ഡന്‍ മാര്‍ക്രം (45), റസ്സി വാന്‍ ഡര്‍ ഡസ്സന്‍ (41), ഡേവിഡ് മില്ലര്‍ (38), ക്വിന്റണ്‍ ഡി കോക്ക് (23), ആന്‍ഡിലെ ഫെഹ്‌ലുക്വായോ (8), ക്രിസ് മോറിസ് (10), ജെ.പി ഡുമിനി (45) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോറുകള്‍. കഗിസോ റബാദ (13), ഇമ്രാന്‍ താഹിര്‍ (10) പുറത്താവാതെ നിന്നു.

നേരത്തെ, ഷാക്കിബ് അല്‍ ഹസന്‍ (75), മുഷ്ഫിഖര്‍ റഹീം (78) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. സൗമ്യ സര്‍ക്കാര്‍ (42), മഹ്മുദുള്ള (33 പന്തില്‍ 46) എന്നിവരുടെ പിന്തുണ കൂടി ലഭിച്ചപ്പോള്‍ ബംഗ്ലാദേശ് തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തുകയായിരുന്നു.  പാക്കിസ്ഥാനെതിരെ നേടിയ 326 റണ്‍സാണ് ഇന്ന് അവര്‍ മറികടന്നത്.

തമീം ഇഖ്ബാല്‍ (16), മുഹമ്മദ് മിഥുന്‍ (21), മൊസദെക് ഹൊസൈന്‍ (26) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മഹ്മുദുള്ളയ്‌ക്കൊപ്പം മെഹ്ദി ഹസന്‍ (5) എന്നിവര്‍ പുറത്താവാതെ നിന്നു. 21 റണ്‍സ് എക്സ്ട്രാ ഇനത്തിലും ബംഗ്ലാദേശിന് ലഭിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ വിക്കറ്റില്‍ തമീം-സൗമ്യ സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഗിസോ റബാദ, ലുഗി എന്‍ഗിഡി, മോറിസ് എന്നിവര്‍ അടങ്ങുന്ന പേസ് നിരയ്ക്കെതിരെ ബംഗ്ലാ താരങ്ങള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഒമ്പതാം ഓവരില്‍ തമീമാണ് ആദ്യം പുറത്തായത്. സ്‌കോര്‍ 75ല്‍ നില്‍ക്കെ 12ാം ഓവറില്‍ സൗമ്യയും പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഒത്തുച്ചേര്‍ന്ന ഷാക്കിബ്- മുഷ്ഫിഖുര്‍ സഖ്യം 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു.മഹ്മുദുള്ള- മൊഹദെക്ക് എന്നിവര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചപ്പോല്‍ സ്‌കോര്‍ 330 ലെത്തി. ഇരുവരും 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
 

Follow Us:
Download App:
  • android
  • ios