Asianet News MalayalamAsianet News Malayalam

മക്കല്ലത്തിന്‍റെ കണക്കുകള്‍ തുടക്കത്തിലേ പാളി; ഇതെന്ത് പ്രവചനമെന്ന് സോഷ്യല്‍ ലോകം

ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകളോടാകും ദക്ഷിണാഫ്രിക്ക തോല്‍ക്കുകയെന്ന് മക്കലം പ്രവചിച്ചിരുന്നു. പക്ഷേ, ഇന്ന് ബംഗ്ലാദേശിനോട് ഡുപ്ലസിയുടെ ടീം  തോല്‍വിയേറ്റ് വാങ്ങിയതോടെയാണ് മക്കല്ലത്തിന്‍റെ കണക്കുകള്‍ പിഴച്ചത്

brendon mccullum predictions become wrong
Author
London, First Published Jun 2, 2019, 11:27 PM IST

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ ഓരോ ടീമും ഏതൊക്കെ സ്ഥാനങ്ങള്‍ നേടുമെന്ന്  പ്രവചിച്ച് ന്യൂസിലന്‍ഡ് ബാറ്റിംഗ് ഇതിഹാസം ബ്രണ്ടന്‍ മക്കല്ലം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ എട്ട് വീതം ജയങ്ങളുമായി ഇംഗ്ലണ്ടും ഇന്ത്യയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുമെന്നാണ് മക്കല്ലം പ്രവചിച്ചത്.

ഇംഗ്ലണ്ടിന്റെ ഒരേയൊരു തോല്‍വി ഓസ്ട്രേലിയക്കെതിരെയും ഇന്ത്യയുടെ ഒരേയൊരു തോല്‍വി ഇംഗ്ലണ്ടിനെതിരെയും ആയിരിക്കുമെന്നും മക്കല്ലം പ്രവചിച്ചു. ആറ് ജയങ്ങളുമായി ഓസ്ട്രേലിയ പോയന്റ് പട്ടികയില്‍ മൂന്നാമതെത്തും. വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ ടീമുകളോടാവും ഓസ്ട്രേലിയ തോല്‍ക്കുക.

അഞ്ച് ജയവുമായി ന്യൂസിലന്‍ഡും വെസ്റ്റ് ഇന്‍ഡീസും പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും നാലാം സ്ഥാനത്തെത്തും. ഇന്ത്യയോടും പാക്കിസ്ഥാനോടും ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടുമാവും കീവീസ് തോല്‍ക്കുക. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകളോടാവും വിന്‍ഡീസ് തോല്‍ക്കുക.

ദക്ഷിണാഫ്രിക്കയാകട്ടെ ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകളോട് തോല്‍ക്കും. ഇന്ത്യയോടും വിന്‍ഡീസിനോടും ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടുമാവും പാക്കിസ്ഥാന്‍ തോല്‍ക്കുക. അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും അട്ടിമറിക്കുമെന്നും ഓരോ ജയം മാത്രം നേടി ബംഗ്ലാദേശും ശ്രീലങ്കയും അവസാന സ്ഥാനക്കാരാവുമെന്നും മക്കല്ലം പ്രവചിച്ചു.

എന്നാല്‍, താരത്തിന്‍റെ പ്രവചനങ്ങള്‍ ലോകകപ്പിന്‍റെ തുടക്കത്തിലേ പാളിയിരിക്കുകയാണ്. ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകളോടാകും ദക്ഷിണാഫ്രിക്ക തോല്‍ക്കുകയെന്ന് മക്കലം പ്രവചിച്ചിരുന്നു. പക്ഷേ, ഇന്ന് ബംഗ്ലാദേശിനോട് ഡുപ്ലസിയുടെ ടീം  തോല്‍വിയേറ്റ് വാങ്ങിയതോടെയാണ് മക്കല്ലത്തിന്‍റെ കണക്കുകള്‍ പിഴച്ചത്. ബംഗ്ലാദേശ് ഒരു മത്സരം മാത്രമേ വിജയിക്കുകയുള്ളുവെന്നും അത് ശ്രീലങ്കയോടാകുമെന്നുമാണ് മക്കല്ലം പറഞ്ഞിരുന്നത്. ഈ നിഗമനവും പാളിയിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios