ഐസിസി നിയമമനുസരിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കാര്‍ മതപരമായതോ, സൈന്യവുമായോ, പരസ്യങ്ങളുമായോ ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ജേഴ്സിയിലോ ബാറ്റിലോ ഗ്ലൗസിലോ പാഡ‍ിലോ ഉപയോഗിക്കാന്‍ പാടില്ല.

നോട്ടിംഗ്ഹാം: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ താരം എം എസ് ധോണി പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമുള്ള(ബലിദാന്‍ ബാഡ്‌ജ്)ഗ്ലൗസുമായി ഇറങ്ങിയതിനെ ന്യായീകരിച്ച് ബിസിസിഐ ഇടക്കാല ഭരണസമിതി. ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് ധോണി നിക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇതിനായി ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് പിടിഐയോട് പറഞ്ഞു.

ധോണിക്ക് കീപ്പിംഗ് ഗ്ലൗസില്‍ ബലിദാന്‍ ബാഡ്ജ് ധരിച്ചിറങ്ങാനുള്ള ഐസിസിയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഐസിസി നിയമമനുസരിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കാര്‍ക്ക് മതപരമായതോ, സൈന്യവുമായോ, പരസ്യങ്ങളുമായോ ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ജേഴ്സിയിലോ ബാറ്റിലോ ഗ്ലൗസിലോ ഉപയോഗിക്കാനാവില്ല. ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജിന്റെ കാര്യത്തില്‍ മതപരവും, പരസ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ധോണിയുടെ ഗ്ലൗസിലുള്ളത് പാരാമിലിട്ടറി റെജിമെന്റിന്റെ ചിഹ്നവുമല്ല. അതുകൊണ്ടുതന്നെ ഇത് ധരിച്ചിറങ്ങാന്‍ അനുമതി നല്‍കുന്നതില്‍ യാതൊരു തടസവുമില്ലെന്നും വിനോദ് റായ് വ്യക്തമാക്കി.

Scroll to load tweet…

ധോണിയുടെ ഗ്ലൗസില്‍ നിന്ന് ആ ചിഹ്നങ്ങള്‍ മാറ്റണമെന്ന് ബിസിസിഐയോട് ഐസിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഐസിസി സ്ട്രാറ്ററജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ധോണിയുടെ ഗ്ലൗസിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ധോണിക്ക് സല്യൂട്ട് നല്‍കി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐസിസിയുടെ നടപടി.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിന്റെ നാല്‍പതാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഫെഹ്‌ലുക്കുവായോയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയതിന്റെ റീപ്ലേകള്‍ ടെലിവിഷനില്‍ കാണിച്ചപ്പോഴാണ് ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്‌ജ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്.പാരാ റെജിമെന്‍റില്‍ ഹോണററി റാങ്കുണ്ട് എം എസ് ധോണിക്ക്. 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല ട്രെയിനിംഗും പൂര്‍ത്തിയാക്കിയിരുന്നു. ആര്‍മിയില്‍ ചേരാനുള്ള തന്‍റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി.