ഡേവിഡ് വാര്‍ണര്‍ അഫ്‌ഗാനിസ്ഥാനെതിരെ കളിക്കുമെന്ന് നായകന്‍ ആരോണ്‍ ഫിഞ്ച്

ലണ്ടന്‍: ഓസ്‌‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അഫ്‌ഗാനിസ്ഥാനെതിരെ കളിക്കുമെന്ന് നായകന്‍ ആരോണ്‍ ഫിഞ്ച്. വാര്‍ണര്‍ ആരോഗ്യവാനാണ്, നാളെ(ശനിയാഴ്‌ച) കളിക്കും, സംശയം വേണ്ട- മത്സരത്തിന് മുന്നോടിയായ വാര്‍ത്താസമ്മേളനത്തില്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. 

എന്നാല്‍ അവസാന 11 പേരെ ടോസ്വേളയില്‍ മാത്രമേ തീരുമാനിക്കൂവെന്നും ഫിഞ്ച് വ്യക്തമാക്കി. ലോകകപ്പ് സന്നാഹ മത്സരങ്ങളിലും ന്യൂസീലന്‍ഡ് ഇലവനെതിരായ പരിശീലന മത്സരങ്ങളില്‍ എല്ലാവരും മികച്ച ഫോമിലായിരുന്നു. അന്തിമ ഇലവനെ കുറിച്ച് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്നും ഫിഞ്ച് പറഞ്ഞു. മൂന്നാം നമ്പറില്‍ ഉസ്‌മാന്‍ ഖവാജയാണോ ഷോണ്‍ മാര്‍ഷാകുമോ ഇറങ്ങുക എന്ന ചോദ്യത്തിന് ഫിഞ്ച് ഉത്തരം നല്‍കിയില്ല. 

പൂര്‍ണ ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ മാത്രമേ വാര്‍ണറെ കളിപ്പിക്കൂ എന്ന് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരിശീലനത്തിന് ഇടയിലാണ് സ്റ്റാര്‍ ഓപ്പണര്‍ക്ക് കാലിന് പരിക്കേറ്റത്. ശ്രീലങ്കയ്ക്ക് എതിരെ ഓസ്‌ട്രേലിയയുടെ അവസാന സന്നാഹ മത്സരത്തില്‍ കളിക്കാതിരുന്ന വാര്‍ണര്‍ കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയില്ല. ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്ന വാര്‍ണറുടെ വെടിക്കെട്ട് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.