ഏകദിനത്തില്‍ ആദ്യമായാണ് പൂര്‍ത്തിയായ ഒരു മത്സരത്തില്‍ മൂന്ന് ഓപ്പണര്‍മാര്‍ പുറത്താകാതെ നില്‍ക്കുന്നത്.

കാര്‍ഡിഫ്: ലോകകപ്പില്‍ ന്യൂസീലന്‍ഡ്- ശ്രീലങ്ക മത്സരത്തില്‍ ഓപ്പണര്‍മാരാണ് താരങ്ങള്‍. ആദ്യം ബാറ്റ് ചെയ്ത ലങ്ക 136 റണ്‍സില്‍ പുറത്തായപ്പോള്‍ ടോപ് സ്‌കോറര്‍ നോട്ട്ഔട്ടായ ഓപ്പണറും നായകനുമായ ദിമുത് കരുണരത്‌നെയാണ്. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ മാര്‍ട്ടിന് ഗപ്‌റ്റിലും കോളിന്‍ മണ്‍റോയും വെടിക്കെട്ട് നടത്തിയപ്പോള്‍ കിവീസ് 10 വിക്കറ്റിന് ജയിച്ചു. 

ഏകദിനത്തില്‍ ആദ്യമായാണ് പൂര്‍ത്തിയായ ഒരു മത്സരത്തില്‍ മൂന്ന് ഓപ്പണര്‍മാര്‍ പുറത്താകാതെ നില്‍ക്കുന്നത്. കരുണരത്‌നെ(52*), ഗപ്റ്റില്‍(73*), മണ്‍റോ(58*) എന്നിങ്ങനെയാണ് സ്‌കോര്‍. 2009ല്‍ ന്യൂസീലന്‍ഡ്- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലും സമാനമായി മൂന്ന് പേര്‍ പുറത്താകാതെ നിന്നിരുന്നു. എന്നാല്‍ അന്ന് മഴമൂലം രണ്ടാം ഇന്നിംഗ്‌സ് 10.3 ഓവര്‍ മാത്രമാണ് നീണ്ടുനിന്നത്. 

Scroll to load tweet…

കാര്‍ഡിഫില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 29.2 ഓവറില്‍ 136ന് ഓള്‍ഔട്ടായി. മൂന്ന് പേരെ വീതം പുറത്താക്കിയ മാറ്റ് ഹെന്‍‌റിയും ലോക്കി പെര്‍ഗൂസനുമാണ് ലങ്കയെ തകര്‍ത്തത്. ദിമുത് കരുണരത്‌നെ(52), കുശാല്‍ പെരേര(29), തിസാര പെരേര(27) എന്നിവരാണ് രണ്ടക്കം കടന്നവര്‍. മറുപടി ബാറ്റിംഗില്‍ കിവീസ് ഓപ്പണര്‍മാര്‍ 137 റണ്‍സ് വിജയലക്ഷ്യം 16.1 ഓവറില്‍ നേടി. ഗപ്റ്റില്‍ 51 പന്തില്‍ 73 റണ്‍സും മണ്‍റോ 47 പന്തില്‍ 58 റണ്‍സും നേടി.