ഓവല്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 104 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ആതിഥേയരായ ഇംഗ്ലണ്ട് നേടിയത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തിളങ്ങിയ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്‍റെ വിജയശില്‍പി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 207ല്‍ പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ തകര്‍പ്പന്‍ ജയത്തില്‍ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങളിങ്ങനെ. 

ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 39.5 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നേരത്തെ 89 റണ്‍സ് നേടി സ്‌റ്റോക്‌സും ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. സ്റ്റോക്‌സിന്‍റെ വണ്ടര്‍ ക്യാച്ചും ആകര്‍ഷകമായി. 

ക്വിന്റണ്‍ ഡി കോക്ക് (68), റാസി വാന്‍ ഡെര്‍ ദസന്‍ (50) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. നേരത്തെ, 79 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (57), ജേസണ്‍ റോയ് (54), ജോ റൂട്ട് (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും ഇമ്രാന്‍ താഹിര്‍, കഗിസോ റബാദ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.