സതാംപ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെതിരായ ലോകകപ്പ് മത്സരത്തിനിടെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. ഫീല്‍ഡ് ചെയ്യുന്നതിനിടെ അവരുടെ ഓപ്പണര്‍ ജേസണ്‍ റോയിക്ക് പരിക്കേറ്റു. മത്സരം തുടങ്ങി 14ാം ഓവറില്‍ തന്നെ റോയ് പരിക്കേറ്റ് മടങ്ങി. പിന്നീട് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തില്ല. ഇടത് കാല്‍തുടയിലെ പേശികള്‍ക്കേറ്റ പരിക്കാണ് റോയിക്ക് വിനയായത്. 

ജേസണ്‍ റോയ് ഇനി ഇന്ന് ഫീല്‍ഡിങ്ങിന് ഇറങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. താരം ഇന്ന് ബാറ്റ് ചെയ്യാനും സാധ്യതയില്ല. ആവശ്യമെങ്കില്‍ മാത്രം ഏഴ് വിക്കറ്റുകള്‍ക്ക് ശേഷം ക്രീസിലെത്തിയേക്കും. ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് റോയ്. ബംഗ്ലാദേശിനെതിരെ സെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അര്‍ധ സെഞ്ചുറിയും നേടിയിരുന്നു. 

ഇപ്പോള്‍ സതാംപ്ടണില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിട്ടുണ്ട്. നിക്കോളാസ് പൂരന്‍ (52), ആന്ദ്രേ റസ്സല്‍ (16) എന്നിവരാണ് ക്രീസില്‍. ക്രിസ് ഗെയ്ല്‍ (36), എവിന്‍ ലൂയിസ് (2), ഷായ് ഹോപ്പ് (11), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (39), ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.