ഓവല്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ തുടക്കത്തിലും ഇടയ്‌ക്കും ഇംഗ്ലണ്ട് വിറച്ചെങ്കിലും നേടിയത് മുന്നൂറിലധികം റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ എട്ട് വിക്കറ്റിന് 311 റണ്‍സെടുത്തു. തുടര്‍ച്ചയായ അഞ്ചാം ഏകദിനത്തിലാണ് ഇംഗ്ലണ്ട് 300+ സ്‌കോര്‍ നേടുന്നത് എന്നതാണ് ശ്രദ്ധേയം. 373/3, 359/4, 341/7, 351/9 എന്നിങ്ങനെയാണ് ഇതിന് മുന്‍പുള്ള നാല് മത്സരങ്ങളില്‍ ഇംഗ്ലീഷ് വമ്പന്‍മാരുടെ സ്‌കോര്‍.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സെടുത്തത്. 79 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (57), ജേസണ്‍ റോയ് (54), ജോ റൂട്ട് (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും ഇമ്രാന്‍ താഹിര്‍, കഗിസോ റബാദ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ജോണി ബെയര്‍സ്‌റ്റോ (0), ജോസ് ബട്‌ലര്‍ (18), മൊയീന്‍ അലി (3), ക്രിസ് വോക്‌സ് (13) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ലിയാം പ്ലങ്കറ്റ് (6), ജോഫ്ര ആര്‍ച്ചര്‍ (7) എന്നിവര്‍ പുറത്താവാതെ നിന്നു. തീപാറും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെതിരെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച സ്‌കോര്‍ നേടിയതോടെ ഇംഗ്ലണ്ട് തങ്ങളുടെ ബാറ്റിംഗ് കരുത്ത് തെളിയിക്കുകയാണ്. ബെയര്‍‌സ്റ്റോ, ബട്‌ലര്‍, മൊയിന്‍ അലി തുടങ്ങിയ വമ്പന്‍മാര്‍ തിളങ്ങാതെ പോയ മത്സരത്തിലാണ് ഇംഗ്ലണ്ട് 300ലധികം സ്‌കോര്‍ നേടിയത്.