ലണ്ടന്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡ് കളിക്കാനിടയില്ല. പരിക്കേറ്റ താരം കളിക്കില്ലെന്ന സൂചന നായകന്‍ ഓയിന്‍ മോര്‍ഗനാണ് നല്‍കിയത്. വുഡിന്‍റെ പരിക്ക് ഗുരുതരമല്ല, എന്നാല്‍ റിസ്‌ക് എടുക്കാന്‍ സാധ്യതയില്ല എന്നാണ് മോര്‍ഗന്‍റെ വാക്കുകള്‍.

ബംഗ്ലാദേശിനെതിരെ മത്സരത്തിലാണ് മാര്‍ക് വുഡിന് പരിക്കേറ്റത്. ഈ ലോകകപ്പില്‍ ഇതുവരെ കണ്ട ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത് വുഡാണ്. ബംഗ്ലാദേശിനെതിരെ 153.9 കി.മീ വേഗത്തിലാണ് വുഡിന്‍റെ പന്ത് മൂളിപ്പാഞ്ഞത്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരത്തിന് മുന്‍പ് രാവിലെ മാര്‍ക് വുഡിനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കും. ഇതിന് ശേഷമാകും താരം കളിക്കുമോ എന്ന കാര്യത്തില്‍ ഇംഗ്ലീഷ് ടീം അന്തിമ തീരുമാനമെടുക്കൂ. വുഡിന് കളിക്കാനാകാതെ വന്നാല്‍ ബംഗ്ലാദേശിനെതിരെ കളിക്കാതിരുന്ന മൊയിന്‍ അലിക്ക് അവസരം ലഭിക്കും.