ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് ശേഷം ലോകകപ്പിന്‍റെ ആവേശത്തിലേക്ക് ഹാര്‍ദിക് എത്തുമ്പോള്‍ ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഒരു മിന്നുന്ന പ്രകടനമാണ് താരം ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ലോകകപ്പിനെ ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് ഹാര്‍ദിക് പറഞ്ഞ വാക്കുകള്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്

സതാംപ്ടണ്‍: ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളുടെ സുപ്രധാന ഘടകങ്ങളില്‍ ഒന്നാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഒരു പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്ന ഏറെക്കാലമായ ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് ഇതിനകം പുതിയ മാനം നല്‍ക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിട്ടുണ്ട്.

ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് ശേഷം ലോകകപ്പിന്‍റെ ആവേശത്തിലേക്ക് ഹാര്‍ദിക് എത്തുമ്പോള്‍ ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഒരു മിന്നുന്ന പ്രകടനമാണ് താരം ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് ഹാര്‍ദിക് പറഞ്ഞ വാക്കുകള്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്.

ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന താരം തനിക്ക് ആകണമെന്നാണ് ആത്മവിശ്വാസത്തോടെ ഹാര്‍ദിക് പറഞ്ഞത്. കഴിഞ്ഞ ദിവസം 2011ല്‍ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിലെ സുവര്‍ണതാരം യുവ്‍രാജ് സിംഗ് ചെയ്ത റോള്‍ ഇത്തവണ ഹാര്‍ദിക് നിര്‍വഹിക്കുമെന്ന് ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്ത് പറഞ്ഞിരുന്നു.

2011ല്‍ ഓള്‍റൗണ്ട് മികവ് എന്ന വാക്കിന് പൂര്‍ണത നല്‍കി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും യുവി കവിതകള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. 90.50 ശരാശരിയില്‍ 362 റണ്‍സാണ് യുവ്‍രാജ് അടിച്ചെടുത്തത്. ഒപ്പം 15 വിക്കറ്റുകളും നേടി.

ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടാവുക ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ആകുമെന്നാണ് മഗ്രാത്ത് പറയുന്നത്. യുവ്‍രാജ് ചെയ്തത് പോലെ ഹാര്‍ദിക്കിനും കളി മാറ്റമറിക്കാന്‍ സാധിക്കും. ആ റോള്‍ ഏറ്റെടുക്കാന്‍ അവന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.