ലണ്ടന്‍: ലോകകപ്പിലെ മഴക്കളിക്ക് ഇന്നും ഒരു മത്സരം ഇരയായി. ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരമാണ് മഴമൂലം ഇന്ന് ഉപേക്ഷിച്ചത്. ഈ ലോകകപ്പില്‍ മഴമൂലം ഉപേക്ഷിക്കുന്ന നാലാം മത്സരമാണിത്. മത്സരങ്ങള്‍ ഉപേക്ഷിക്കുന്നത് പോയിന്‍റ് പട്ടികയില്‍ ടീമുകള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.

ഇംഗ്ലണ്ടില്‍ ലോകകപ്പ് നടത്താന്‍ ഈ സമയം തെരഞ്ഞെടുത്തതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷലേ ഗിബ്‌സും രോക്ഷത്തിലാണ്. മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ട്വീറ്റുമായി ഹെര്‍ഷെല്‍ ഗിബ്‌സ് രംഗത്തെത്തി. നോട്ടിംഗ്‌ഹാമില്‍ മത്സരം നടക്കില്ലെന്നറിയിച്ച് ഹര്‍ഭജന്‍റെ ട്വീറ്റുമുണ്ടായിരുന്നു. 

നോട്ടിംഗ്ഹാമില്‍ കനത്ത മഴ തുടര്‍ന്നതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തത്. ഇടവിട്ട് പെയ്യുന്ന മഴയ്ക്ക് ഒപ്പം ഔട്ട്ഫീല്‍ഡും മത്സരത്തിന് യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റുകള്‍ വീതം പങ്കിട്ടു. മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്.