പരിക്ക് ഭേദമാവാത്തതിനാല്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ട് മത്സരങ്ങളിലും സ്റ്റെയിന്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ നെറ്റ്സില്‍ അരമണിക്കൂറോളം സ്റ്റെയിന്‍ പന്തെറിഞ്ഞത് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ നാളെ മൂന്നാം മത്സരത്തിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയായി പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനിന്റെ പരിക്ക്. തോളിനേറ്റ പരിക്ക് ഭേദമാവാത്ത സ്റ്റെയിന്‍ ലോകകപ്പില്‍ തുടര്‍ന്ന് കളിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യം ഐസിസിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകകപ്പില്‍ സ്റ്റെയിനിന് പകരക്കാരനായി ഇടം കൈയന്‍ പേസ് ബൗളര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെ ദക്ഷിണാഫ്രിക്ക ടീമിലുള്‍പ്പെടുത്തി. ഐസിസി ടെക്നിക്കല്‍ കമ്മിറ്റി ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനായി കളിക്കുന്നതിനിടെയാണ് സ്റ്റെയിനിന് ഇടതു ചുമലില്‍ പരിക്കേറ്റത്. പരിക്ക് ഭേദമാവുമെന്ന പ്രതീക്ഷയില്‍ താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Scroll to load tweet…

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് സ്റ്റെയിനിന്റെ അഭാവം വലിയ തിരിച്ചടിയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ പേസ് ബൗളര്‍ ലുംഗി എങ്കിടിയും ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കാഗിസോ റബാദയും ക്രിസ് മോറിസുമാകും ദക്ഷിണാഫ്രിക്കയുടെ പേസര്‍മാര്‍.