ട്രെന്റ്ബ്രിഡജ്: ലോകകപ്പ് ക്രിക്കറ്റില്‍ വ്യാഴാഴ്ച ഇന്ത്യയെ കീഴടക്കണമെങ്കില്‍ അര്‍ധാവസരങ്ങള്‍ പോലും മുതലാക്കിയേ മതിയാവൂ എന്ന് ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍. രോഹിത് ശര്‍മയും വിരാട് കോലിയും അടങ്ങുന്ന ഇന്ത്യയുടെ മുന്‍നിരയെ വീഴ്ത്തിയാലെ മത്സത്തില്‍ ജയിക്കാനാവൂ എന്നും ഫെര്‍ഗൂസന്‍ പറഞ്ഞു.

കോലിയും രോഹിത്തും ലോകോത്തര ബാറ്റ്സ്മാന്‍മാരാണ്. അവരെ എളുപ്പം പുറത്താക്കാനാവില്ല. എന്നാല്‍ റണ്‍ നിയന്ത്രിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും അര്‍ധാവസരങ്ങള്‍ പോലും മുതലെടുക്കുകയും ചെയ്താല്‍ വിക്കറ്റ് വീഴ്ത്തുക അസാധ്യമല്ല. ഇവരുടെ വിക്കറ്റ് വീണാല്‍ സമ്മര്‍ദ്ദം ഇന്ത്യക്ക് മേലാവുമെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കരുതലോടെയാണ് കളിച്ചത്.

എന്നാല്‍ തുടക്കത്തിലെ റണ്‍സ് വഴങ്ങിയാലും വിക്കറ്റെടുക്കുക എന്ന തന്ത്രമാവും ന്യൂസിലന്‍ഡ് പയറ്റുക. കാരണം രോഹിത്തും കോലിയും പുറത്തായാല്‍ അഥ് മധ്യനിരയില്‍ സമ്മര്‍ദ്ദം കൂട്ടും. നാളെ മഴ മാറി നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും കാലവസ്ഥയുടെ കാര്യത്തില്‍ ടീമുകള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു.