ധാക്ക: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരെ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍റെ പരിക്ക് ഗുരുതരമല്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ചീഫ് സെലക്‌ടര്‍ മിനാജുല്‍ അബെദിനാണ് ഇക്കാര്യം അറിയിച്ചത്. ഷാക്കിബിന്‍റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അതിനാലാണ് താരത്തെ ഡ്രസിംഗ് റൂമിലേക്ക് തിരിച്ചുവിളിച്ചതെന്നും അദേഹം ക്രിക്‌ബസിനോട് പറഞ്ഞു. 

വ്യക്തിഗത സ്കോര്‍ 50ല്‍ നില്‍ക്കേ പരിക്കേറ്റ ഷാക്കിബ് മടങ്ങുകയായിരുന്നു. ഫിസിയോയുടെ സഹായം തേടിയെങ്കിലു വിഷമിച്ചാണ് ഷാക്കിബ് ക്രീസ് വിട്ടത്. വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ന്യൂസീലന്‍ഡിന് എതിരായ മൂന്ന് ഏകദിന മത്സരങ്ങളിലും രണ്ട് ടെസ്റ്റുകളിലും നിന്ന് ഷാക്കിബ് നേരത്തെ പുറത്തായിരുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ തിസാര പേരേരയുടെ പന്തേറ്റാണ് അന്ന് ഷാക്കിബിന് പരിക്കേറ്റത്.

പിന്നാലെ നടന്ന ഐപിഎല്ലില്‍ ചുരുക്കം മത്സരങ്ങളില്‍ മാത്രമാണ് ഷാക്കിബിന് കളിക്കാന്‍ അവസരം ലഭിച്ചത്. ഐപിഎല്ലിന് ശേഷമാണ് ഷാക്കിബ് ദേശീയ ടീമിനൊപ്പം ചേര്‍ന്നത്. ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ കുന്തമുനകളിലൊന്നാണ് ഓള്‍റൗണ്ടറായ ഷാക്കിബ് അല്‍ ഹസന്‍.