മുംബൈ: വിരലിന് പരിക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായി ഋഷഭ് പന്ത് ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിരലിന് പരിക്കേറ്റ ധവാന് ഡോക്ടര്‍മാര്‍ മൂന്നാഴ്ച വിശ്രമം ആണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ധവാന് ഈ മാസം നടക്കുന്ന ഇന്ത്യയുടെ അഞ്ച് മത്സരങ്ങളെങ്കിലും നഷ്ടമാവും.

ലോകകപ്പ് ടീമില്‍ ഇടം നേടുമെന്ന് കരുതിയ താരമായിരുന്നു പന്ത്. എന്നാല്‍ പരിചയസമ്പത്തിന് മുന്‍തൂക്കം നല്‍കാന്‍ തീരുമാനിച്ച സെലക്ടര്‍മാര്‍ പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനാണ് 15 അംഗ ടീമില്‍ ഇടം നല്‍കിയത്. ഋഷഭ് പന്തിനെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഋഷഭ് പന്ത് ഏറ്റവും അടുത്ത ഫ്ലൈറ്റില്‍ തന്നെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ധവാന്റെ പകരക്കാരന്റെ പേര് ഐസിസി ഔദ്യോഗികമായി അംഗീകരിച്ചാല്‍ ഇക്കാര്യം പുറത്തുവിടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഋഷഭ് പന്ത് ടീമിനൊപ്പം ചേരുമെന്നാണ് സൂചന. ധവാന്റെ അഭാവത്തില്‍ വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മത്സരത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണറായി തിരിച്ചെത്തിയേക്കും. രാഹുല്‍ ഓപ്പണ്‍ ചെയ്താല്‍ മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കോ വിജയ് ശങ്കറോ കളിക്കാനുള്ള സാധ്യതയുമുണ്ട്.