Asianet News MalayalamAsianet News Malayalam

ഒരു വിക്കറ്റ് നഷ്ടം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. സതാംപ്ടണില്‍ 228 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 34 എന്ന നിലയിലാണ്.

India lost one wicket and bad start against SA
Author
Southampton, First Published Jun 5, 2019, 7:53 PM IST

സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. സതാംപ്ടണില്‍ 228 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 34 എന്ന നിലയിലാണ്. എട്ട് റണ്‍സ് മാത്രമെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കഗിസോ റബാദയ്ക്കാണ് വിക്കറ്റ്. നേരത്തെ യൂസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ എഡ്ജായി കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. രോഹിത് ശര്‍മ (21), ക്യാപ്റ്റന്‍ വിരാാട് കോലി (4) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. യൂസ്വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ 89ന് അഞ്ച് എന്ന ദയനീയാവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് വാലറ്റം നടത്തി ചെറത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 

42 റണ്‍സ് നേടിയ ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍, ബൂമ്ര എന്നിവര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ആറ് ഓവറിനിടെ തന്നെ ദക്ഷിണഫ്രിക്കന്‍ ഓപ്പണര്‍മാരായ ഹാഷിം അംല (6), ക്വിന്റണ്‍ ഡി കോക്ക് (10) എന്നിവരെ പുറത്താക്കി ബൂമ്ര ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കി. ആ തകര്‍ച്ചയില്‍ നിന്ന് കരകറാന്‍ അവര്‍ക്കായതുമില്ല. 

റാസ്സി വാന്‍ ഡെര്‍ ഡസ്സന്‍ (22), ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (38), ഡേവിഡ് മില്ലര്‍ (31), ആന്‍ഡിലെ ഫെഹ്ലുക്വായോ (34) എന്നിവരെ ചാഹല്‍ മടക്കിയയച്ചതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമായി. ഇതിനിടെ ടീമിലെ മറ്റൊരു സ്പിന്നറായ കുല്‍ദീപ് യാദവ്, ജെ.പി ഡുമിനി(3)യേയും തിരിച്ചയച്ചിരുന്നു. മോറിസിനെയും ഇമ്രാന്‍ താഹിറിനെയും ഭുവനേശ്വര്‍ പുറത്താക്കുകയായിരുന്നു. കഗിസോ റബാദ (31) പുറത്താവാതെ നിന്നു. 

മോറിസും റബാദയും കൂട്ടിച്ചേര്‍ത്ത 66 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഉയര്‍ന്ന കൂട്ടുക്കെട്ട്.  ഒരു ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് മോറിസിന്റെ ഇന്നിങ്സ്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios