പന്ത് ചുരണ്ടല്‍ വിവാദത്തില്‍ തകര്‍ന്ന് പോയ ഓസ്ട്രേലിയയെ വെറും ചാരമായി കണ്ടവര്‍ ഏറെയാണ്. എന്നാല്‍, തിരിച്ചടികളെ പടികളാക്കി അവര്‍ വീണ്ടും മുളച്ച് പൊന്തി. ഡേവിഡ്, വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരില്ലാതെ ഇന്ത്യന്‍ മണ്ണില്‍ അവര്‍ ഏകദിന പരമ്പര നേടി

ലണ്ടന്‍: ഓസീസ് കാണിക്കുന്ന ഒത്തിണക്കം പേടിക്കണം... സച്ചിന്‍റെ വാക്കുകളാണ്, അതൊരു വെറും വാക്കല്ല, മുന്നറിയിപ്പ് കൂടിയാണ്. ഓവലിന്‍റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ വിശ്വപോരാട്ടത്തിലെ രണ്ടാം അങ്കത്തിന് ഇറങ്ങുമ്പോള്‍ ഒന്നും ഇന്ത്യക്ക് എളുപ്പമല്ല. ഓസീസ് ബൗളര്‍മാര്‍ അപകടം വിതയ്ക്കാനുള്ള സാധ്യതകളാണ് സച്ചിന്‍റെ മുന്‍കൂട്ടി പറഞ്ഞിരിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ കങ്കാരുപ്പട അത് തെളിയിച്ചതുമാണ്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ തകര്‍ന്ന് പോയ ഓസ്ട്രേലിയയെ വെറും ചാരമായി കണ്ടവര്‍ ഏറെയാണ്. എന്നാല്‍, തിരിച്ചടികളെ പടികളാക്കി അവര്‍ വീണ്ടും മുളച്ച് പൊന്തി. ഡേവിഡ്, വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരില്ലാതെ ഇന്ത്യന്‍ മണ്ണില്‍ അവര്‍ ഏകദിന പരമ്പര നേടി.

ഇപ്പോള്‍ ലോകകപ്പില്‍ ഇരുവരും തിരിച്ചെത്തിയതോടെ ശക്തി ഇരട്ടിയായ ഓസീസിനെയാണ് ഇന്ത്യക്ക് നേരിടേണ്ടത്. തുല്യശക്തികളുടെ പോരാട്ടമായി ഇന്ത്യ- ഓസീസ് മത്സരത്തെ വിശേഷിപ്പിക്കാം. ടീം എന്ന നിലയില്‍ ഒത്തിണക്കമാണ് കങ്കാരുക്കളുടെ പ്രത്യേകത. മറുവശത്ത് കടലാസിലും കളത്തിലും അസാമാന്യ പ്രകടനം തുടരുന്ന ടീമാണ് ഇന്ത്യ.

ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള താരങ്ങള്‍, വിരാട് കോലിയും രോഹിത് ശര്‍മയും. ലോക ക്രിക്കറ്റ് കണ്ട് ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ എം എസ് ധോണി. ഒപ്പം ഇന്ത്യന്‍ ക്രിക്കറ്റില്‍ പിറവിയെടുത്ത അപൂര്‍വ്വ പേസ് സംഘം, അതിനെ നയിക്കാന്‍ ജസ്പ്രീത് ബുമ്രയെന്ന സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും. 

എതിരാളികളും അത്ര ചില്ലറക്കാരല്ല. ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിങ്ങനെ പ്രതിഭകളുടെ നീണ്ട നിര തന്നെയുണ്ട് ഓസീസിന്. ഒപ്പം മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ വെടിയുണ്ടകളും. ഇതോടെ ഒരു കാര്യം ഉറപ്പാണ്. ഓവല്‍ സാക്ഷിയാവുക തീപാറുന്ന പോരാട്ടത്തിന് തന്നെ.

ആദ്യ രണ്ട് മത്സരം ജയിച്ചാണ് കങ്കാരുക്കള്‍ എത്തുന്നത്. അഫ്ഗാന്‍ വീര്യവും കരീബിയന്‍ കരുത്തും അവര്‍ക്ക് മുന്നില്‍ വീണു. ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കോലിപ്പടയും എത്തുന്നു. ഇരു ടീമിനും അങ്ങോട്ടും ഇങ്ങോട്ടും നിരവധി കണക്കുകള്‍ വീട്ടാനുള്ളപ്പോള്‍ മത്സരത്തിന്‍റെ വീര്യമേറും, ശൗര്യമേറും, ആകെ ക്ലാസാകും.

വിജയിച്ച് കയറാനുള്ള തീക്ഷ്ണതയോടെ ഇരു സംഘങ്ങളും ഒരുങ്ങിയാണ് ഇറങ്ങുന്നത്. പക്ഷേ ക്രിക്കറ്റ് ആരാധകര്‍ ആശങ്കയിലാണ്. ആവേശം ചോര്‍ത്തുന്ന മഴമേഘങ്ങളെയാണ് പേടിക്കേണ്ടത്. മഴ മാറി നില്‍ക്കട്ടെ... പോരാട്ടം കനക്കട്ടെ...