മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ പ്രതിരോധത്തില്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നാല്‍ പാക്കിസ്ഥാന് തിരിച്ചടിയാവും. മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സിന് ശേഷം മഴ പെയ്യാന്‍ 50 ശതമാനം സാധ്യതയുണ്ട്. പിന്നാലെ ഇടയ്ക്കിടെ മഴയെത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന.

നിലവില്‍ നാല് മത്സരങ്ങളില്‍ ഒന്ന് മാത്രം ജയിച്ച പാക്കിസ്ഥാന്‍ മൂന്ന് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. ഇതേസമയം മൂന്നില്‍ രണ്ടും ജയിച്ച ഇന്ത്യ അഞ്ച് പോയിന്‍റുമായി നാലാം സ്ഥാനത്തുണ്ട്. തോല്‍വിയില്ലാതെ മുന്നേറുന്ന ഇന്ത്യയുടെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. നാളെ ജയിച്ചാല്‍ ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മുന്നോട്ട് കുതിക്കും. ജയിക്കാതെ പാക്കിസ്ഥാന് പോയിന്‍റ് പട്ടികയില്‍ നേട്ടമുണ്ടാക്കാനാവില്ല.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഞായറാഴ്‌ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം. ലോകകപ്പില്‍ ഇന്ത്യക്കെതിരെ മോശം ചരിത്രമാണ് പാക്കിസ്ഥാനുള്ളത്. ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ എല്ലാ മത്സരത്തിലും തോല്‍ക്കാനായിരുന്നു പാക്കിസ്ഥാന്‍റെ വിധി. ഇന്ത്യ ജയം തുടരാന്‍ ഇറങ്ങുമ്പോള്‍ ആദ്യ ജയമാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്.