കാര്‍ഡിഫ്: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യ സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ബംഗ്ലാദേശിനെ കീഴടക്കി ആദ്യമത്സരത്തിന് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കേണ്ടതുണ്ട്. പാക്കിസ്ഥാനെതിരായ ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരം മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു.

ഇന്ത്യയുടെ ബാറ്റിംഗ് ബലഹീനതകള്‍ വ്യക്തമാക്കുന്നതായിരുന്നു ന്യൂസിലന്‍ഡിനെതിരായ ആദ്യ സന്നാഹമത്സരം. ശീഖര്‍ ധവാനും രോഹിത് ശര്‍മയും വിരാട് കോലിയും ചെറിയ സ്കോറുകളില്‍ പുറത്തായപ്പോള്‍ ഇന്ത്യയുടെ ടീം ടോട്ടല്‍ 179ല്‍ ഒതുങ്ങി. രവീന്ദ്ര ജഡേജയുടെ ചെറുത്തുനില്‍പ്പുകൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്കോര്‍ ഇത്രയും എത്തില്ലായിരുന്നു. എം എസ് ധോണിയും, കെ എല്‍ രാഹുലും, ദിനേശ് കാര്‍ത്തിക്കും ആദ്യ സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തിയപ്പോള്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറില്‍ ആരെ ഇറക്കണമെന്ന ആശയക്കുഴപ്പം ഇനിയും തീര്‍ന്നിട്ടില്ല. ന്യൂസിലന്‍ഡിനെതിരാ നാലാമനായി ഇറങ്ങിയ രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു.

പരിക്കില്‍ നിന്ന് പൂര്‍മായും മോചിതരാകാത്ത കേദാര്‍ ജാദവും വിജയ് ശങ്കറും ഇന്നും കളിക്കാനിടയില്ല. ബൗളിംഗിലും ഇന്ത്യക്ക് തലവേദനയുണ്ട്. ജസ്പ്രീത് ബൂമ്ര മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ റണ്‍സ് വഴങ്ങിയ. സ്പിന്നര്‍മാരായ കുല്‍ദീപും ചാഹലും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്നതില് പരാജയപ്പെടുകയും ചെയ്തു. രവീന്ദ്ര ജഡേജയുടെ ബാറ്റിംഗും ബൗളിംഗും മാത്രമായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആശ്വാസം നല്‍കിയ ഘടകങ്ങള്‍.