ലണ്ടന്‍: ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെ ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ധവാന് പകരം ആരെന്ന ചോദ്യം ഉയരുന്നതിനിടെ ഇന്ത്യന്‍ ടീം ആരാധകര്‍ക്ക് ആശങ്ക നല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.

ജൂണ്‍ 13, വ്യാഴാഴ്ചയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുന്നത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തിലാണെങ്കിലും ധവാന്‍റെ പരിക്ക് വലിയ ആഘാതം സൃഷ്ടിച്ചേക്കാം. അതിനൊപ്പം ഇന്നത്തെ ഇന്ത്യന്‍ ടീമിന്‍റെ പരിശീലനവും മുടങ്ങിയിരിക്കുകയാണ്.

കനത്ത മഴ കാരണം പരിശീലനം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ് ട്രെന്‍ഡ്ബ്രിഡ്ജില്‍. നേരത്തെ, ഓസ്ട്രേലിയയുമായുള്ള മത്സരത്തിന് മുമ്പും ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം മുടങ്ങിയിരുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്‍റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയര്‍ന്ന പന്താണ് പരിക്കേല്‍പ്പിച്ചത്.

ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാൻ സെഞ്ചുറിയും നേടി. എന്നാല്‍, ശിഖര്‍ ധവാൻ പിന്നീട് ഫീല്‍‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്. മറ്റന്നാള്‍ ട്രെന്‍റ് ബ്രിഡ്ജില്‍ വൈകീട്ട് മൂന്ന് മണിക്കാണ് ഇന്ത്യ ന്യുസീലൻ‍ഡ് മത്സരം.