ലണ്ടന്‍: ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ഏഴ് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേട്ടം. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി, വാന്‍ ഡെര്‍ ദസ്സന്‍, എയ്ഡന്‍ മര്‍ക്രാം എന്നിവരുടെ വിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. 90 മൈല്‍ വേഗത്തില്‍ പന്തെറിഞ്ഞ ആര്‍ച്ചര്‍ തന്റെ ആറാം ഓവറില്‍ ഒറ്റ റണ്‍പോലും വിട്ടുകൊടുത്തില്ല. ബാര്‍ബഡോസുകാരനായ ആര്‍ച്ചര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് നിയമപരമായി ഇംഗ്ലീഷ് ടീമില്‍ കളിക്കാന്‍ അര്‍ഹത നേടിയത്. ഇംഗ്ലീഷ് ടീമില്‍ ബാര്‍ബഡോസ് താരത്തിന്റെ നാലാം ഏകദിനം കൂടിയായിരുന്നു ഇത്.

ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ എക്‌സ്- ഫാക്റ്ററെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പോലും സമ്മതിച്ച താരമാണ് ആര്‍ച്ചര്‍. ആരാധകരുടെയും ഇംഗ്ലീഷ് ടീമിന്റെയും പ്രതീക്ഷകള്‍ കാക്കുന്ന പ്രകടനമാണ് ഇന്നലെ ആര്‍ച്ചറില്‍ നിന്നുണ്ടായത്. ദക്ഷിണാഫ്രിക്കന്‍ മധ്യനിരയിലെ കരുത്തരുടെ വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയതെന്നും ശ്രദ്ധേയമാണ്. ഇതോടെ കരകയറാന്‍ കഴിയാത്ത വിധം ദക്ഷിണാഫ്രിക്ക് തകരുകയായിരുന്നു. ഏഴ് ഓവര്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 27 റണ്‍സ് മാത്രമാണ് ആര്‍ച്ചര്‍ വിട്ടുനല്‍കിയത്.