പൂനെ: കേദാര്‍ ജാദവിന്റെ ലോകകപ്പ് പങ്കാളിത്തവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വിരാമം. താരം ലോകകപ്പിന് പൂര്‍ണമായും ഫിറ്റാണെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ താരത്തിന് ലോകകപ്പ് കളിക്കാനാവും. നേരത്തെ ഐപിഎല്‍ മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഫീല്‍ഡ് ചെയ്യുമ്പോഴാണ് ജാദവിന് പരിക്കേറ്റത്. പിന്നാലെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ജാദവിന് നഷ്ടമായിരുന്നു.

മെയ് 22നാണ് ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. 25ന് ഇന്ത്യ, ന്യൂസിലന്‍ഡുമായി സന്നാഹ മത്സരം കളിക്കും. ഈ മത്സരത്തില്‍ ജാദവ് കളിക്കുമെന്നാണറിയുന്നത്. ജാദവ് തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്ത് പകരും. മധ്യനിരയില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതോടൊപ്പം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വിക്കറ്റെടുക്കാനും ജാദവിന് സാധിക്കും. ഇതോടെ ലോകകപ്പില്‍ അരങ്ങേറാമെന്ന് ഋഷഭ് പന്തിന്റെ മോഹങ്ങള്‍ക്കും അവസാനമായി.