മുംബൈ: ഏകദിന ലോകകപ്പിന് അതിശക്തമായ പ്രാഥമിക സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നാണെന്ന് ഈ സ്‌ക്വാഡ് വ്യക്തമാക്കുന്നുണ്ട്. ബാറ്റിംഗില്‍ വിരാട് കോലിയും ബൗളിംഗില്‍ ജസ്പ്രീത് ബുംറയുമാണ് ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍. വെസ്റ്റ് ഇന്‍ഡീസ് പേസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ് ഈ വാദത്തോട് ചേര്‍ന്നുനില്‍ക്കുന്നു.

ഇന്ത്യയും ഇംഗ്ലണ്ടുമാണ് ലോകകപ്പില്‍ തന്‍റെ ഫേവറേറ്റുകള്‍. ഹോം വേദികളിലാണ് കളിക്കുന്നതെന്ന ആനുകൂല്യം ഇംഗ്ലണ്ടിനുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏകദിനത്തില്‍ മികച്ച പ്രകടനം അവര്‍ പുറത്തെടുക്കുന്നു. വളരെ സന്തുലിതമായ ടീം കൂടിയാണ് ഇംഗ്ലണ്ട്. ഇന്ത്യയും മികച്ച ടീമാണ്, സ്ഥിരത കാട്ടുന്നു, മികച്ച താരങ്ങള്‍ ഇന്ത്യക്കുണ്ട്. സമ്മര്‍ദ ഘട്ടങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് മികച്ച ടീമുകള്‍ക്കറിയാം. ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പ് നേടിയില്ലെങ്കില്‍ താന്‍ അത്ഭുതപ്പെടുമെന്നും ഇതിഹാസ താരം പറഞ്ഞു. 

രണ്ട് പേരുകള്‍ തനിക്ക് പരാമര്‍ശിക്കാനുണ്ട്, ജസ്‌പ്രീത് ബുംറയും വിരാട് കോലിയും. ഇന്ത്യക്കായി ലോകകപ്പുയര്‍ത്താന്‍ തക്ക പ്രതിഭ ഇരു താരങ്ങള്‍ക്കുമുണ്ടെന്നും ഹോള്‍ഡിംഗ് പറഞ്ഞു. 1983 ലോകകപ്പ് ഫൈനലില്‍ കപില്‍ ദേവിന്‍റെ ചെകുത്താന്‍മാര്‍ കപ്പുയര്‍ത്തുമ്പോള്‍ അവസാനം പുറത്തായ വിന്‍ഡീസ് ബാറ്റ്‌സ്‌മാനാണ് മൈക്കല്‍ ഹോള്‍ഡിംഗ്. മൊഹീന്ദര്‍ അമര്‍നാഥിന്‍റെ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു ഹോള്‍ഡിംഗ്.