കായിക ലോകത്തിന് മാതൃകയായി കോലി. മാന്യന്‍മാരുടെ കളിയുടെ മാനമുയര്‍ത്തിയ കോലിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്‌മിത്തിനെ കൂവിയ കാണികളോട് ഇന്ത്യന്‍ നായകന്‍ ആവശ്യപ്പെട്ടത്...

ഓവല്‍: ലോകകപ്പിനായി ഓസ്‌ട്രേലിയന്‍ ടീം ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഇംഗ്ലീഷ് കാണികള്‍ നല്‍കിയ വരവേല്‍പ് അത്ര നല്ലതായിരുന്നില്ല. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്‌മിത്തിനെയും കൂവിയാണ് ഇംഗ്ലീഷ് കാണികള്‍ വരവേറ്റത്. ഓവലില്‍ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിലും സമാനമായിരുന്നു സാഹചര്യം.

ഓസ്‌ട്രേലിയന്‍ മുന്‍ നായകനായ സ്റ്റീവ് സ്‌മിത്ത് ബൗണ്ടറിക്കരികില്‍ എത്തിയപ്പോള്‍ കൂവിയാണ് ആരാധകരില്‍ ഒരു വിഭാഗം വരവേറ്റത്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇതിനോട് പ്രതികരിച്ച രീതിയാണ് ക്രിക്കറ്റ് ചര്‍ച്ചകളില്‍ ഇപ്പോള്‍ സജീവം. കാണികള്‍ക്ക് നേരെ തിരിഞ്ഞ് നിശബ്ദമാകാന്‍ പറഞ്ഞ കിംഗ്‌ കോലി താരങ്ങളെ കയ്യടിച്ച് പ്രേത്സാഹിപ്പിക്കാനും ആവശ്യപ്പെട്ടു.

Scroll to load tweet…

ഇന്ത്യന്‍ നായകന്‍റെ ഈ നീക്കം മാന്യമാരുടെ കളിയുടെ വശ്യത കൂട്ടുന്നു എന്നാണ് ആരാധക പക്ഷം. കോലിക്ക് കയ്യടിച്ച് നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. കായികലേഖകനായ സാം ലാന്‍‌സ്‌ബെര്‍ഗറാണ് കോലിയുടെ മാന്യമായ പെരുമാറ്റം പുറംലോകത്തെ അറിയിച്ചത്. ഇന്ത്യന്‍ എക്‌സ്‌പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആരാധകരോട് ശാന്തരാവാന്‍ കോലി ആവശ്യപ്പെടുന്ന വീഡിയോ കാണാം