ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ ബംഗ്ലാദേശ് ടീമിന് ആശ്വാസ വാര്‍ത്ത. ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ പരിക്കേറ്റ നായകന്‍ മഷ്‌റഫെ മൊര്‍ത്താസ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ കടുവകളുടെ ആദ്യ മത്സരം കളിക്കാന്‍ സാധ്യതയുണ്ടെന്ന് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട്. എന്നാല്‍ താരം പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തോ എന്ന വ്യക്തമല്ല. 

ആദ്യ ഒന്നോ രണ്ടോ ഓവറുകള്‍ എറിയാന്‍ പലകുറി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ അത് പിന്നിട്ടുകഴിഞ്ഞാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടാറില്ല. ചൊവ്വാഴ്‌ച പന്തെറിയാന്‍ തനിക്ക് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നില്ല. എന്നാല്‍ ആറാം ഓവറിനിടെ മസിലിന് പ്രയാസം അനുഭവപ്പെടുകയായിരുന്നു എന്നും ബംഗ്ലാദേശ് മാധ്യമത്തോട് മൊര്‍ത്താസ പറഞ്ഞിരുന്നു. 

സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിനിടെ ഏറെ സമയം ഡ്രസിംഗ് റൂമിലിരുന്ന മൊര്‍ത്താസയ്‌ക്ക് പകരം ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാ കടുവകളെ നയിച്ചത്. ആറ് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നില്‍ക്കവേ പരിക്കേറ്റ് മൊര്‍ത്താസ മടങ്ങുകയായിരുന്നു. ഇന്ത്യയോട് 95 റണ്‍സിന് പരാജയപ്പെട്ട മത്സരത്തില്‍ താരം ബാറ്റിംഗിന് ഇറങ്ങിയുമില്ല. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തില്‍ തമീം ഇക്‌ബാലും കളിച്ചേക്കുമെന്നാണ് സൂചനകള്‍.