ലണ്ടന്‍: ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യക്ക് തിരിച്ചടിയായി നല്‍കി ശിഖര്‍ ധവാന്‍റെ പുറത്താകല്‍. രോഹിത് ശര്‍മയ്ക്ക് ഒപ്പം മിന്നുന്ന ഫോമിലുള്ള ധവാന്‍ പുറത്താകുമ്പോള്‍ ആര് ആ സ്ഥാനത്തേക്ക് വരുമെന്നുള്ളതാണ് ചര്‍ച്ചയാകുന്നത്. ഓപ്പണര്‍ സ്ഥാനത്തേക്ക് ധവാന് പകരം കെ എല്‍ രാഹുല്‍ എത്താനാണ് സാധ്യതകള്‍.

ഇതോടെ ഇപ്പോള്‍ രാഹുല്‍ കളിക്കുന്ന നാലാം നമ്പര്‍ സ്ഥാനം ഇതോടെ ഒഴിവ് വരും. അവിടേക്ക് വിജയ് ശങ്കറിനേ പരിഗണിക്കേണ്ടി വരും. അതിനൊപ്പം എം എസ് ധോണിക്ക് സ്ഥാനകയറ്റം നല്‍കി ദിനേശ് കാര്‍ത്തിക്കിനെ മധ്യനിരയില്‍ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.

ധവാന് പരിക്കേറ്റതതോടെ സ്റ്റാന്‍ഡ് ബെെ ആയി പ്രഖ്യാപിച്ച താരങ്ങളില്‍ ഒരാള്‍ ടീമിലേക്ക് എത്താനുള്ള സാധ്യതയാണ് കൂടുതല്‍. ഋഷഭ് പന്തും അംബാട്ടി റായുഡുവും ആണ് സ്റ്റാന്‍ഡ് ബെെ ആയി പ്രഖ്യാപിച്ച ബാറ്റ്സ്മാന്മാര്‍. ഋഷഭ് പന്ത് ആണ് ആദ്യ സറ്റാന്‍ഡ് ബൈ താരം. ടീമിലെ ബാറ്റ്സ്മാന്‍മാര്‍ക്കോ വിക്കറ്റ് കീപ്പര്‍ക്കോ പരിക്കേറ്റാല്‍ ആദ്യം പരിഗണിക്കുക പന്തിനെയാവും.

എന്നാല്‍, ഇപ്പോള്‍ പന്തിനൊപ്പം മറ്റൊരു താരത്തെയാണ് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകനും മുംബെെ താരവുമായ ശ്രേയസ് അയ്യരാണ് പന്തിനൊപ്പം പട്ടികയിലുള്ളത്.

ധവാനെ പോലെയുള്ള ഒരു താരം പുറത്താകുമ്പോള്‍ ശ്രേയസ് അയ്യരെ പോലെ മധ്യനിരയെ നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒരു ബാറ്റ്സ്മാന്‍ നാലാം നമ്പറിലേക്ക് വരണം. ഈ ഘടകമാണ് ശ്രേയ്യസ് അയ്യരിന് തുണയായിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രേയ്യസ് അയ്യര്‍ നിലവില്‍ ഇംഗ്ലണ്ടിലുണ്ടെന്നതും അനുകൂല ഘടകമാണ്. ഇത് സംബന്ധിച്ച ബിസിസിഐയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ വ്യക്തത വരികയുള്ളൂ.