നോട്ടിംഗ്‌ഹാം: ലോകകപ്പില്‍ വിന്‍ഡീസിന് എതിരെ 105ല്‍ പുറത്തായ പാക്കിസ്ഥാന്‍ ടീമിന് ട്രോളും മുന്‍ താരങ്ങളുടെ ശകാരവും. സഞ്ജയ് മഞ്ജരേക്കര്‍ ആകാശ് ചോപ്ര, ബ്രാഡ് ഹോഗ്, മൈക്കല്‍ വോണ്‍ തുടങ്ങിയ മുന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍റെ കൂട്ടത്തകര്‍ച്ചയെ വിമര്‍ശിച്ച് രംഗത്തെത്തി. 

എന്നാല്‍ അല്‍പം കടന്ന വിമര്‍ശനമാണ് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ നടത്തിയത്. ഇതാണ് സ്ഥിരം പാക്കിസ്ഥാന്‍, അവര്‍ ലോകകപ്പ് നേടുമെന്ന് സംശയമില്ലെന്നും കളിയാക്കി വോണ്‍ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ അവരുടെ പേസ് ഇതിഹാസം ഷൊയൈബ് അക്‌തറും രംഗത്തെത്തി. 'വാക്കുകളില്ല' എന്നായിരുന്നു അക്‌തറിന്‍റെ ട്വീറ്റ്. 

നോട്ടിംഗ്‌ഹാമില്‍ വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍മാര്‍. നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. വാലറ്റത്ത് വഹാബ് റിയാസാണ്(11 പന്തില്‍ 18) പാക്കിസ്ഥാനെ 100 കടത്തിയത്.