ടോന്റണ്‍: ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ തോല്‍വി. ടോന്റണില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനാണ് പാക്കിസ്ഥാന്‍ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 49 ഓവറില്‍ 307ന് എല്ലാവരും പുറത്തായി. ഡേവിഡ് വാര്‍ണര്‍ (107), ആരോണ്‍ ഫിഞ്ച് (82) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 45.4 ഓവറില്‍ 266 റണ്‍സിന് എല്ലാവരും പുറത്തായി. പാറ്റ് കമ്മിന്‍സ് ഓസീസിനായി മൂന്ന് വിക്കറ്റെടുത്തു.

53 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖാണ് പാക്കിസ്ഥാന്റെ ടോപ്് സ്‌കോറര്‍. വാലറ്റത്ത് 39 പന്തില്‍ 45 റണ്‍സെടുത്ത വഹാബ് റിയാസ് പാക്കിസ്ഥാന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ റിയാസ് മടങ്ങിയതോടെ പാക്കിസ്ഥാന്‍ തോല്‍വി സമ്മതിച്ചു. മുഹമ്മദ് ഹഫീസ് (46), സര്‍ഫ്രാസ് അഹമ്മദ് (40), ഹസന്‍ അലി (32), ബാബര്‍ അസം (30) എന്നിവരും ദേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഫഖര്‍ സമാന്‍ (0), ഷൊയ്ബ് മാലിക് (0)സ, ആസിഫ് അലി (5), മുഹമ്മദ് ആമിര്‍ (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഷഹീന്‍ അഫ്രീദി (1) പുറത്താവാതെ നിന്നു. കമ്മിന്‍സിന് പുറെ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ, ഓസീസിന് ഡേവിഡ് വാര്‍ണറുടെ (107) സെഞ്ചുറി കരുത്തില്‍ മികച്ച തുടക്കം ലഭിച്ചു. എന്നാല്‍ മുഹമ്മദ് ആമിറിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ഓസീസ് മധ്യനിര കീഴടങ്ങിയപ്പോള്‍ 49 ഓവറില്‍ 307ന് എല്ലാവരും പുറത്തായി. വാര്‍ണര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (84) മികച്ച പ്രകടനം പുറത്തെടുത്തു. വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ വാര്‍ണറുടെ ആദ്യ സെഞ്ചുറിയാണിത്.

സ്റ്റീവന്‍ സ്മിത്ത് (10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20), ഷോണ്‍ മാര്‍ഷ് (23), ഉസ്മാന്‍ ഖവാജ (18), നഥാന്‍ കോള്‍ട്ടര്‍-നൈല്‍ (2), പാറ്റ് കമ്മിന്‍സ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (3) എന്നിവരാണ് പുറത്തായ ഓസീസ് താരങ്ങള്‍. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (1) പുറത്താവാതെ നിന്നു.  ഓപ്പണര്‍മാരായ ഫിഞ്ച്- വാര്‍ണര്‍ സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീടെത്തിയ ആര്‍ക്കും മികച്ച കൂട്ടുക്കെട്ടുണ്ടാക്കാന്‍ സാധിച്ചില്ല. 

111 പന്തില്‍ 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് വാര്‍ണര്‍ 107 റണ്‍സെടുത്തത്. വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ആദ്യ സെഞ്ചുറിയാണിത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഓസീസ് താരമാണ് ഡേവിഡ് വാര്‍ണര്‍. 2003 ലോകകപ്പില്‍ സെഞ്ചുറി നേടിയ ആന്‍ഡ്രൂ സൈമണ്ട്‌സാണ് ഒന്നാമന്‍. വാര്‍ണറുടെ 15ാം ഏകദിന സെഞ്ചുറി കൂടിയാണിത്. പാക്കിസ്ഥാന് വേണ്ടി ആമിറിന് പുറമെ, ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.