Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ പ്രത്യേക ആഘോഷം; അനുമതി തേടി പാക് ടീം

ജൂണ്‍ 16ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ വ്യത്യസ്തമായ ആഘോഷം സംഘടിപ്പിക്കാനുള്ള അനുവാദമാണ് പാക് ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് തേടിയത്

Pakistan team wanted special celebration against India
Author
Manchester, First Published Jun 8, 2019, 1:12 PM IST

മാഞ്ചസ്റ്റര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. വീറും വാശിയും പരസ്പരം ആവോളമുള്ള ടീമുകള്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോള്‍ അത് മികച്ച പോരാട്ടത്തിനാകും വേദിയാവുക. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് വിഖ്യാതമായ ഇന്ത്യ-പാക് മത്സരം നടക്കുന്നത്.

എന്നാല്‍, അതിന് മുമ്പ് പാക്കിസ്ഥാന്‍ ടീമിന്‍റെ ആവശ്യം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ധോണി പട്ടാള ചിഹ്നമുള്ള ഗ്ലൗ ധരിച്ച് കളിച്ചതിനെച്ചൊല്ലിയുള്ള പ്രശ്നങ്ങള്‍ ഒരുവശത്ത് മുന്നോട്ട് പോകുമ്പോഴാണ് ഇത്തരമൊരു വിവാദം ഉയര്‍ന്നിരിക്കുന്നത്. ജൂണ്‍ 16ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ വ്യത്യസ്തമായ ആഘോഷം സംഘടിപ്പിക്കാനുള്ള അനുവാദമാണ് പാക് ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് തേടിയത്.

പാക് വെബ്സെെറ്റായ 'പാക് പാഷ'ന്‍റെ എഡിറ്റര്‍ സാജ് സിദ്ധിഖ് ആണ് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചതായി ട്വീറ്റ് ചെയ്തതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ധോണി പട്ടാള ചിഹ്നമുള്ള ഗ്ലൗ ധരിച്ച് കളിച്ചതിനുള്ള മറുപടി നല്‍കാനാണ് വിക്കറ്റ് ആഘോഷം വ്യത്യസ്തമാക്കുന്നതിലൂടെ ഉദ്ദേശിച്ചതെന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്കുള്ള ആദരസൂചകമായി ഇന്ത്യന്‍ ടീം ഒരു മത്സരത്തില്‍ പട്ടാളത്തൊപ്പി ധരിച്ച് ഓസ്ട്രേലിയയുമായുള്ള പരമ്പരയില്‍ ഇറങ്ങിയിരുന്നു. എന്നാല്‍, സര്‍ഫ്രാസിന്‍റെ ആവശ്യം പിസിബി അധികൃതര്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാനാണ് സര്‍ഫ്രാസിന് പിസിബി നല്‍കിയ നിര്‍ദേശം.

അതേസമയം,  'ബലിദാന്‍ ബാഡ്‌ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരിക്കുകയാണ് . 'ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും' ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios