300 മുകളിൽ സ്കോർ ചെയ്ത് ശീലിച്ച ശക്തരായ ബാറ്റിംഗ് നിര പുതിയ റെക്കോർഡ് കുറിക്കുമോ? ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.

നോട്ടിംഗ്ഹാം: ഈ ലോകകപ്പിൽ ഏതെങ്കിലും ടീം 500 മുകളിൽ സ്കോർ ചെയ്യുമോ? അങ്ങനെയൊരു നേട്ടം ആര് നേടിയാലും അത് ഇന്നത്തെ മത്സരം നടക്കുന്ന നോട്ടിംഗ്ഹാമിലാവുമെന്നാണ് ക്രിക്കറ്റ് വിദഗ്ദരുടെ പ്രവചനം. അതിന് കാരണവുമുണ്ട്.

2018 ജൂണിലെ ഒരു ചൊവ്വാഴ്ചയാണ് ആ റൺ മഴ പെയ്തത്. നോട്ടിംഗ്ഹാമിലെ ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ ഓസീസ് ബോളർമാരെ ജോണി ബെയർസ്റ്റോയും അലക്സ് ഹെയ്ൽസും കശാപ്പ് ചെയ്ത ദിനം. ഓസീസ് ബോളർമാർ വരിനിന്ന് തല്ലുവാങ്ങി. സ്കോർ 300ഉം കടന്ന് 481ൽ വരെയെത്തി. ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോ‍ർ. ഓസിസ് ബോളർ ആഡ്രൂ ടൈ ഒന്‍പത് ഓവറിൽ സെഞ്ചുറി തികച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ തോറ്റമ്പി. 242 റൺസിന്‍റെ വലിയ വിജയം ഇംഗ്ലണ്ടിന്. ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ സ്കോറും പിറന്നത് ഇതേ വേദിയിൽ. 443 റൺസ്!. അന്ന് ഇംഗ്ലീഷ് ബാറ്റിന് ഇരയായത് പാക്കിസ്ഥാൻ. അന്നും സെഞ്ചുറി നേടി അലക്സ് ഹെയ്ൽസ് വിശ്വരൂപം പുറത്തെടുത്തു. ജോ റൂട്ടും ബട്‌ലറുമൊക്കെ റൺ ഉത്സവത്തിൽ നിറഞ്ഞാടി. പേസര്‍ വഹാബ് റിയാസ് മാത്രം 10 ഓവറിൽ വഴങ്ങിയത് 110 റൺസ്.

പാക്കിസ്ഥാന്‍റെ മറുപടി 169 റൺസ് അകലെ അവസാനിച്ചു. ഒരിക്കൽ കൂടി ഇംഗ്ലണ്ട് നോട്ടിംഗ്ഹാമിൽ ഇറങ്ങുകയാണ്. 300 മുകളിൽ സ്കോർ ചെയ്ത് ശീലിച്ച ശക്തരായ ബാറ്റിംഗ് നിര പുതിയ റെക്കോർഡ് കുറിക്കുമോ? ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.